മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഒമാൻ ഹോക്കി അസോസിയേഷനുമായി സഹകരിച്ച്, ഒമാൻ ദേശീയ പുരുഷ-വനിത ഹോക്കി ടീമുകൾക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു. ഇതോടെ അഞ്ചുമാസം നീളുന്ന ‘ഒമാൻ യോഗ യാത്ര’ പരിപാടിക്കാണ് തുടക്കമായിരിക്കുന്നത്. ജൂൺ 21ന് അന്താരാഷ്ട്ര യോഗദിനത്തിലായിരിക്കും സമാപനം. എംബസി പരിസരത്ത് നടന്ന യോഗക്ക് ഇന്ത്യയിൽ നിന്നുള്ള പരിചയസമ്പന്നരായ യോഗ പരിശീലകർ നേതൃത്വം നൽകി. കളിക്കാരും കോച്ചിങ് സ്റ്റാഫും ഉൾപ്പെടെയുള്ളവർക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും കളിക്കളത്തിലെ പ്രകടനം ഉയർത്താനും സഹായിക്കുന്ന വിവിധ യോഗാസനങ്ങളും ശ്വസന വ്യായാമങ്ങളും പരിചയപ്പെടുത്തി.
യോഗ പരിപാടിയിൽ ഒമാൻ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് ഡോ. മർവാൻ അൽ ജുമ മുഖ്യാതിഥിയായി. പരമ്പരാഗത യോഗ പരിശീലനം ഒമാനിലെ ദേശീയ പുരുഷ-വനിത ഹോക്കി ടീമുകൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു. കളിക്കാർ യോഗ പരിശീലിക്കുന്നത് തുടരുമെന്നും അവരുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലും അത് പ്രയോജനപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നതെന്ന് അംബാസഡർ പറഞ്ഞു.
‘ഒമാൻ യോഗ യാത്ര’യിൽ പതിവ് യോഗ സെഷനുകൾ, വർക്ക്ഷോപ്പുകൾ, യോഗയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ തുടങ്ങിയവയാണ് ഉൾപ്പെടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനിലെ ഇന്ത്യൻ എംബസി സുൽത്താനേറ്റിൽ യോഗ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ദേശീയ പുരുഷ-വനിത ഹോക്കി ടീമുകൾക്കായി നടത്തിയ പരിശീലന സെഷൻ ഇതിന്റെ ഭാഗമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.