മസ്കത്ത്: പ്രവാസികൾക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ചുള്ള കോൺസുലാർ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. സുഹാറിലെ പാം ഗാർഡൻസ് ഹാളിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെയായിരിക്കും ക്യാമ്പ്. ഇന്ത്യൻ എംബസിയിലെയും ബി.എൽ.എസ് ഒമാനിലെയും ഉദ്യോഗസ്ഥർ സംബന്ധിക്കും. പവർ ഓഫ് അറ്റോണി, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, സത്യവാങ്മൂലം തുടങ്ങിയവയുടെ അറ്റസ്റ്റേഷൻ, പാസ്പോർട്ടിൽ പേരിന്റെ അക്ഷരവിന്യാസത്തിലോ കുടുംബപ്പേര് ചേർക്കുന്നതിനോ പേരുകൾ വിഭജിക്കുന്നതിനോ ഉള്ള അപേക്ഷകൾ സ്വീകരിക്കൽ, നവജാത ശിശുക്കളുടെ ജനന രജിസ്ട്രേഷൻ, എൻ.ആർ.ഐ, സി.ഐ.ഡബ്ല്യു.ജി (ഗൾഫിലെ ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾ) എന്നീ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ, ഇന്ത്യയിൽ വായ്പ എടുക്കുന്നതിനുള്ള സാലറി സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സേവനങ്ങൾ ഇവിടെനിന്നും ലഭിക്കുന്നതാണെന്ന് സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ അറിയിച്ചു. അപേക്ഷകൾക്കും മറ്റു സേവനങ്ങൾക്കും വരുന്നവർ പാസ്പോർട്ട്, സിവിൽ ഐ.ഡി കാർഡ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടുവരേണ്ടതാണ്. അതേസമയം, സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് പുതുക്കലുകൾ സ്വീകരിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.