മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി ഒമ്രാൻ ഗ്രൂപ്പിന്റെ ദേശീയ ട്രാവൽ ഓപറേറ്ററും അനുബന്ധ സ്ഥാപനവുമായ വിസിറ്റ് ഒമാനുമായി സഹകരിച്ച് നിർമിച്ച യോഗയെക്കുറിച്ചുള്ള വിഡിയോ കഴിഞ്ഞദിവസം പുറത്തിറക്കി.
‘സോൾഫുൾ യോഗ-സെറീൻ ഒമാൻ’ എന്ന് പേരിട്ടിരിക്കുന്ന വിഡിയോ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാനി പൗരന്മാർക്കും അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കും യോഗയിലൂടെ കൈവരിച്ച സൗഹാർദത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് ഒരുക്കിയിരിക്കുന്നത്. നിരവധി യോഗ പ്രേമികളുടെയും വിസിറ്റ് ഒമാൻ അധികൃതരുടെയും സാന്നിധ്യത്തിൽ എംബസി ഓഡിറ്റോറിയത്തിൽ ചിത്രം പ്രദർശിപ്പിച്ചു. ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, വിസിറ്റ് ഒമാൻ മാനേജിങ് ഡയറക്ടർ ഷബീബ് അൽ മാമ്രി എന്നിവർ സംയുക്തമായാണ് വിഡിയോ ലോഞ്ച് ചെയ്തത്. ഈ സംരംഭം സാക്ഷാത്കരിക്കാൻ സഹായിച്ച വിസിറ്റ് ഒമാന് നന്ദി പറയുകയാണെന്ന് അംബാസഡർ അമിത് നാരങ്ക് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും സാംസ്കാരികവും പ്രകൃതിദത്തവുമായ കാര്യങ്ങളെ കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്താൻ വിഡിയോ നിസ്സംശയമായും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാന്റെ ബീച്ചുകൾ, മണൽതിട്ടകൾ, പർവതങ്ങൾ, ചരിത്രപരമായി സമ്പന്നമായ മത്ര എന്നിവയുൾപ്പെടെ ഒമാനിലെ ടൂറിസ്റ്റ് ലൊക്കേഷനുകളുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലാണ് യോഗ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിവിസ്മയങ്ങളുടെയും യോഗ പരിശീലനത്തിന്റെയും ഈ സംയോജനം കാഴ്ചക്കാരെ ആകർഷിക്കാനും ഒമാന്റെ ശാന്തത പര്യവേക്ഷണം ചെയ്യാൻ അവരെ പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ദൃശ്യാനുഭവമാണ് നൽകുന്നതെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ പറഞ്ഞു.
പദ്ധതിയുടെ വിജയത്തിനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള 35 യോഗ വളന്റിയർമാർ വിഡിയോ ഷൂട്ടിൽ പങ്കെടുത്തു. ചടങ്ങിൽ നിരവധി യോഗപ്രേമികളെയും എംബസി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.