മസ്കത്ത്: ഒമാനിലെ പച്ചക്കറി, പഴവർഗ ഫാമുകളിൽ അംഗീകാരമില്ലാത്ത കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ പരിശോധന ശക്തമാക്കി. മാരക വിഷാംശങ്ങൾ ഉള്ളവയും പൊതുജനാരോഗ്യത്തിന് ഹാനികരവുമായ കീടനാശിനികൾ ഒമാനിൽ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം നേരത്തേ നിരോധനം പ്രഖ്യാപിച്ചിരുന്നു.
ഒമാന്റെ പഴം, പച്ചക്കറികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കീടനാശിനി നിയമം ശക്തമായി നടപ്പാക്കിയതോടെ ഒമാൻ പച്ചക്കറികളും പഴവർഗങ്ങളും മേഖലയിലെ മികച്ച ഇനങ്ങളായി ഉയർന്നിട്ടുണ്ട്. ഇതോടെ ഒമാൻ ഉൽപന്നങ്ങൾക്ക് രാജ്യത്തിന് അകത്തും പുറത്തും ആവശ്യക്കാർ വർധിച്ചു.
നേരത്തേ ഒമാൻ പച്ചക്കറികളിൽ കീടനാശിനികളുടെ അളവ് കൂടുതലായിരുന്നു. പരിശോധനകളിൽ ഇവ കണ്ടെത്തിയിരുന്നു. ഇത് ഒമാൻ പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. രണ്ടു വർഷം മുമ്പാണ് അധികൃതർ ശരീരത്തിന് ഹാനികരമായ കീടനാശിനികളുടെ അമിത ഉപയോഗത്തിനെതിരെ നടപടി ആരംഭിച്ചത്. ഈ വർഷം മുതൽ നടപടികൾ ശക്തമാക്കുകയും ചെയ്തത്. മന്ത്രാലയം അധികൃതർ പഴം-പച്ചക്കറി ഫാമുകളിൽ പരിശോധന നടത്തി സംശയം തോന്നുന്ന ഉൽപന്നങ്ങൾ പരിശോധനക്ക് അയക്കുകയാണ് ചെയ്യുന്നത്. തെക്കൻ ശർഖിയയിലെ ഒരു ഫാമിൽനിന്ന് തണ്ണിമത്തനും മത്തനും അധികൃതർ നശിപ്പിച്ചതായി സമൂഹ മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു.
ഗവർണറേറ്റിലെ നിരവധി ഫാമുകളിൽ പരിശോധന നടത്തിയതായും ഇവിടെനിന്നുള്ള ഈ രണ്ട് പഴവർഗങ്ങളുടെയും സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും മന്ത്രാലയം അധികൃതർ പ്രതികരിച്ചു. ഈ ഫാമുകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ലാബിൽ പരിശോധിച്ചപ്പോൾ ഇവ ഉപയോഗയോഗ്യമാണെന്ന് കണ്ടെത്തിയതായി മന്ത്രാലയം അധികൃതർ വ്യക്തമാക്കി.
എന്നാൽ, കഴിഞ്ഞ ദിവസം ചില ഫാമുകളിൽനിന്ന് പിടിച്ചെടുത്ത എരിവ് മുളകുകളിൽ കീടനാശിനിയുടെ അംശങ്ങൾ കണ്ടെത്തിയിരുന്നു. ഈ ഉൽപന്നങ്ങൾ നിയമനടപടികൾക്കായി ഫാമുകളിൽ തന്നെ സൂക്ഷിച്ചുവെച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഫാമിലെ തൊഴിലാളികൾ നിബന്ധനകൾ പൂർണമായി പാലിക്കണമെന്നും നിയമലംഘനമുണ്ടായാൽ ഉത്തരവാദിത്തം ഫാമിൽ ജോലി ചെയ്യുന്നവർക്കായിരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമം ശക്തമാക്കുന്നതും ഫാമുകളിൽ വ്യാപകമായി പരിശോധന നടത്തുന്നതും നടപടികൾ സ്വീകരിക്കുന്നതും പഴം-പച്ചക്കറി ഉൽപാദന മേഖലക്ക് വലിയ അനുഗ്രഹമാവുമെന്ന് വ്യാപാരികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.