മസ്കത്ത്: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് പബ്ലിക് സർവിസ് അതോറിറ്റി നിയമങ്ങൾ പുറത്തിറക്കി. രാജ്യത്തെ പെട്രോളിയം വാഹനങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷം മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാറിനുള്ളത്. ഇതനുസരിച്ച് ഇലക്ട്രോണിക് വാഹനങ്ങളുടെയും സ്പെയർ പാർട്സുകളുടെയും വാറ്റ് ഒഴിവാക്കുന്നതടക്കമുള്ള നിരവധി നടപടികൾ സർക്കാർ എടുത്ത് കഴിഞ്ഞു. ഇത്തരം വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങളിവയാണ്.
ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് വൈദ്യുതിവിതരണ കമ്പനിയുടെ അംഗീകാരം ആവശ്യമാണ്. സ്ഥാപനത്തിന്റെ ആവശ്യമായ വിവരങ്ങൾ വൈദ്യുതി വിതരണ കമ്പനിക്ക് സമർപ്പിച്ച ശേഷമായിരിക്കും കമ്പനി അംഗീകാരം നൽകുക. ചാർജിങ് സ്റ്റേഷനുകളുടെ ഉടമകളാവാൻ ആഗ്രഹിക്കുന്നവരോ സ്വകാര്യ പൊതു സ്റ്റേഷനുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരോ ബന്ധപ്പെട്ട അധികൃതരിൽനിന്ന് നിയമപരവും സാങ്കേതികവുമായ മാനദന്ധങ്ങൾക്കുള്ള അംഗീകാരവും നേടിയിരിക്കണം.
വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള നിരക്കുകൾ നിശ്ചയിക്കുകയും വാഹനങ്ങളുടെ ഇനം, വിഭാഗം ഇവക്കനുസരിച്ച് നിയമാനുസൃതമായി നിജപ്പെടുത്തുകയും വേണം. വൈദ്യുതി ചാർജിങ് പോയൻറുകളിലെ നിരക്കുകൾ അധികൃതരുടെ നിയമാനുസൃത താരിഫ് അനുസരിച്ചായിരിക്കണം.
ഇതിൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ പരിധി വെക്കാൻ പാടില്ല. സ്വകാര്യ ഇലക്ട്രിക് ചാർജിങ് പോയൻറുകൾ നടത്തുന്നതിന്റെ ഉത്തരവാദിത്തം സ്ഥലം ഉടമക്കായിരിക്കും.
നടത്തുന്ന സ്ഥാപനം വാടകക്ക് കൊടുക്കുകയാണെങ്കിൽ നടത്തിപ്പുകാരിൽനിന്ന് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ഇതുസംബന്ധമായ രേഖകൾ എഴുതിവാങ്ങണം. വാടകക്ക് നൽകിയ വ്യക്തിനിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സ്ഥലം ഉടമയാണ്. വാഹനങ്ങൾ ചാർജ് ചെയ്യുന്ന വൈദ്യുതി തിട്ടപ്പെടുത്താനുള്ള ഇലക്ട്രിക് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ഉത്തരവാദിത്തം സ്ഥാപന ഉടമക്കായിരിക്കും. ഇത്തരം സ്വകാര്യ സ്റ്റേഷനുകൾ സ്ഥാപിക്കുന്നവർ ഈ സ്ഥാപനങ്ങളിലെ വൈദ്യുതി മറ്റ് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
മസ്കത്ത്: റോയൽ ഒമാൻ പൊലീസിൽ രജിസ്ട്രേഷൻ ഫീസ് ഇളവിനൊപ്പം രാജ്യത്ത് ഇലക്ട്രിക്, ഹൈഡ്രജൻ വാഹനങ്ങൾക്ക് മൂല്യവർധിത നികുതിയും (വാറ്റ്) കസ്റ്റംസ് നികുതിയും ചുമത്തില്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും.
ഇത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ പ്രാബല്യത്തിലുള്ള നടപടിക്രമങ്ങൾക്കും കസ്റ്റംസ് താരിഫ് ഇനങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കാറിന് പൂർണമായും ഇലക്ട്രിക് മോട്ടോറോ ഹൈഡ്രജൻ എൻജിനോ ഉണ്ടായിരിക്കണം. സ്വതന്ത്രമായി നീങ്ങാൻ കഴിയണം. വാഹനം സുൽത്താനേറ്റിൽ ഇലക്ട്രിക് കാർ അല്ലെങ്കിൽ സീറോ എമിഷൻ വെഹിക്കിൾ (ഹൈഡ്രജൻ കാർ) ആയി രജിസ്റ്റർ ചെയ്തിരിക്കണം. സുൽത്താനേറ്റ് അംഗീകരിച്ചിട്ടുള്ള സ്പെസിഫിക്കേഷനുകളും സ്റ്റാൻഡേഡുകളും അനുസരിച്ചിരിക്കണം വാഹനങ്ങൾ. സുൽത്താനേറ്റിൽ വാറ്റിൽ രജിസ്റ്റർ ചെയ്യുന്ന വ്യക്തിയിൽനിന്നാണ് കാർ വാങ്ങേണ്ടത്. സുൽത്താനേറ്റിൽ വാറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സേവന വിതരണക്കാരന് വൈദ്യുതി വാഹനങ്ങളിലോ ഹൈഡ്രജൻ വാഹനങ്ങളിലോ മാത്രം ഉപയോഗിക്കുന്ന സ്പെയർ പാർട്സുകൾക്ക് വാറ്റ് ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.