ഖമീസ് മുശൈത്ത്: പെരുന്നാൾ സുദിനങ്ങൾ ഖമീസിലെ മലയാളികളെ ഫുട്ബാൾ മാമാങ്കത്തിലേക്ക് മാടിവിളിക്കുകയാണ്. സൗദിയിലെ മലയാളി ഫുട്ബാൾ ആരാധകരിലും കളിയിലെ വാശിയിലും സമ്മാനത്തുകയിലും മുന്നിട്ടുനിൽക്കുന്ന പ്രദേശമാണ് ഖമീസ് മുശൈത്ത്. വരുന്ന പെരുന്നാൾദിനത്തിലും പിറ്റേന്നും രണ്ടു ടൂർണമെൻറാണ് ഇവിടെ നടക്കുന്നത്. പെരുന്നാൾദിനത്തിൽ ഒമ്പത് അംഗ മത്സരവും പിറ്റേന്ന് ഏഴ് അംഗങ്ങളുടെ മത്സരവും നടക്കും. ഈ കളികൾക്കുവേണ്ടി വിവിധ ടീമുകൾ അസീറിനു പുറമേ സൗദിയിലെ വിവിധ ഭാഗങ്ങളിൽനിന്നും കൂടാതെ കേരളത്തിൽനിന്നും കളിക്കാരെ എത്തിക്കുന്നുണ്ട്. വിവിധ ക്ലബുകൾ രണ്ടു ലക്ഷം റിയാലോളം മുടക്കിയാണ് കളികളിൽ പങ്കെടുക്കുന്നത്. സൗദിയിലെ മലയാളി ഫുട്ബാൾ മത്സരത്തിലെ ഏറ്റവും വലിയ ട്രോഫിയാണ് ഇപ്രാവശ്യം നൽകുന്നതെന്നും ഈ ട്രോഫികൾ നാട്ടിൽ നിന്ന് എത്തിച്ചതാണെന്നും സംഘാടകർ അറിയിച്ചു.
സെവൻസ് ഫുട്ബാൾ ടൂർണമെന്റ് നടത്തുന്ന ഫിഫ ഖമീസ് ക്ലബ് ഒന്നാം സ്ഥാനക്കാർക്ക് 6666 റിയാൽ സമ്മാനത്തുകയാണ് നൽകുന്നത്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും സമ്മാനങ്ങളും സമ്മാനത്തുകയും സ്പോൺസർ ചെയ്യുന്നുണ്ട്. മത്സരങ്ങൾ കാണുന്നതിന് അസീറിനു പുറമേ മറ്റു സ്ഥലങ്ങളിൽനിന്നും നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസീറിലെ ഫാൽക്കൻ, ഫിഫ ഖമീസ്, മെട്രോ സ്പോർട്സ്, കാസ്ക്, അൽജസീറ മന്തി റിജാൽ അൽമ, ലയോൺസ് തുടങ്ങിയ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിവിധ ടീമുകൾക്കുവേണ്ടി ഫാൻസുകാർ വാദപ്രതിവാദങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.