മസ്കത്ത്: സലാലയിലെ മഴക്കാല ഉത്സവമായ ഖരീഫ് ഫെസ്റ്റിവലിന്റെ ഭാഗമായ സാംസ്കാരിക പരിപാടികൾക്ക് ത്വാഖയിൽ തുടക്കമായി. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കലാ-സാംസ്കാരിക പരിപാടികൾ ആഗസ്റ്റ് 15നാണ് അവസാനിക്കുക. വിവിധ വിഭാഗങ്ങളിലായാണ് കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറുക.
അൽ ഫർദാ തിയേറ്റർ, അൽ മിദാൻ സ്ക്വയർ, തിലി മാച്ച് വില്ലേജ് എന്നിവിടങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. സാംസ്കാരികം, കല, പരിസ്ഥിതി, വിനോദം, പാരമ്പര്യം എന്നീ വിഭാഗങ്ങളിൽ ഊന്നിയാണ് സ്റ്റേജ് പരിപാടികൾ നടക്കുന്നത്. കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനവും വൈവിധ്യത്തോടെ നടന്നു.
കലാകാരന്മാരുടെ പ്രകടനങ്ങൾ, സംഗീത നൃത്ത നാടകങ്ങൾ, കടൽ-കര സംരക്ഷണം പ്രമേയമാക്കിയ പരിസ്ഥിതി പരിപാടികൾ തുടങ്ങിയവയാണ് സാംസ്കാരിക പരിപാടിയുടെ ഭാഗമായി നടക്കുക. ബീച്ച് ഗെയിമുകൾ, ഇലക്ട്രിക് വിനോദ പരിപാടികൾ, ഒമാനി പാരമ്പര്യത്തിന്റെ മഹനീയത വിളിച്ചോതുന്ന പാരമ്പര്യ പ്രദർശനം എന്നിവ പ്രത്യേകതകളാണ്. വിവിധ പ്രായക്കാർക്കായി ഒരുക്കുന്ന സാംസ്കാരിക പരിപാടികളുടെ മത്സരവും നടക്കുന്നുണ്ട്.
ആർട്ട് വർക് ഷോപ്, പ്രാദേശികമായി നിർമിച്ച വസ്തുക്കളുടെ പ്രദർശനം, ഉപഭോകതൃ ചന്ത, കലാ സന്ധ്യ എന്നിവയും നടക്കുന്നുണ്ട്. ഒമാന്റെ സാംസ്കാരിക മഹിമയെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര ടൂറിസം വളർത്തുക, കുടുംബ സൗഹൃദമുള്ള പരിപാടികൾ ഖരീഫ് സീസണിൽ സലാലയിൽ എത്തുന്നവർക്ക് നൽകുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
ഏറെ മനോഹരമായതാണ് ത്വാഖ നഗരം. അൽ ഹഖ് പർവത നിരകളും ജാബ്ജാത്ത് മരുഭൂമിയും ത്വാഖയുടെ ഭാഗമാണ്. ഖരീഫ് സീസണിൽ ത്വാഖ മനോഹരമായ ഭൂപ്രകൃതമായി മാറും. ദറബാത്ത്, ആതം തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ത്വാഖയെ കൂടുതൽ മനോഹരിയാക്കും. ഖോർ സുലൈ, ത്വാഖ, റോറി തുടങ്ങിയ ബീച്ചുകൾ ത്വാഖയുടെ ചന്തം വർധിപ്പിക്കും. ത്വാഖ സമതലവും വൈവിധ്യമായി നിലനിൽക്കുന്നുണ്ട്.
ത്വാഖയിലെ പരിസ്ഥിതി വൈവിധ്യം പക്ഷികൾക്കും വിവിധ തരം മൃഗങ്ങൾക്കും അനുകൂല കാലാവസ്ഥയാണ് ഒരുക്കുന്നത്. ത്വാഖയിലെ വളക്കൂറുള്ള മണ്ണിൽ ഔഷധത്തിനും വാണിജ്യ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന വിവിധയിനം സസ്യങ്ങളും വളരുന്നു.
ത്വാഖയിൽ ചരിത്ര പ്രാധാന്യമുള്ള നിരവധി സൈറ്റുകൾ ഉണ്ട്. പുരാതന നഗരമായ സൻഹറാം, ഖസ്ബാർ, ദർബാത്ത്, ത്വാഖ കോട്ട, ത്വാഖ ടവർ എന്നിവയും ത്വാഖയിലെത്തുന്നവരെ ആകർഷിക്കുന്നതാണ്. ത്വാഖയിലുള്ള ശൈഖ് അൽ അഫീഫ് മസ്ജിദും പരിസരവും ഏറെ ചരിത്ര പ്രധാന്യമുള്ളവയാണ്.
പാറക്കൂട്ടങ്ങൾക്കിടയിൽ നിലകൊള്ളുന്ന അൽ അസ്കർ ടവർ പൗരാണികതയും നവീനതയും ഒത്തു ചേർന്നതണ്. 2008ൽ പുതുക്കിപ്പണിത ടവർ 2022ലാണ് തുറന്നു കൊടുത്തത്. അറബിക്കടലിലെ നീക്കങ്ങൾ വീക്ഷിക്കാൻ കഴിയുന്ന രീതിയിൽ മൂന്ന് നിരീക്ഷണ ടവറുകളും ഇവിടെയുണ്ട്. ഇതിൽ ഒമാനി പരമ്പരാഗത വസ്ത്രങ്ങളുടെയും പാരമ്പര്യ വസ്തുക്കളുടെയും ഒരു പ്രദർശനാലയവുമുണ്ട്.
ലോക പരിസ്ഥിതി പട്ടികയിൽ ഇടം പിടിച്ച സംഹറാം എന്ന പേരിൽ അറിയപ്പെടുന്ന ഖോർ റോറി ത്വാഖയിലാണുള്ളത്. പുരാതന കാലത്തെ സുഗന്ധ ദ്രവ്യ തുറമുഖമായായ സംഹറാമിന്റെ അവശിഷ്ടങ്ങൾ ഏതാനും വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഉൾഖനനത്തിലൂടെയാണ് കണ്ടെത്തിയത്. ഒമാനി സംസ്കാരിക വൈവിധ്യവും മഹിമയും വിളിച്ചോതുന്ന സ്വകാര്യ മ്യൂസിയവും ത്വാഖയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.