മസ്കത്ത്: ഏഴുവർഷത്തെ ദുരിതത്തിന് വിടനൽകി തിരുവനന്തപുരം കട്ടാക്കട സ്വദേശി ബിനു നാടണയന്നു. 2017ല്‍ മബേലയിലെ ഒരു കമ്പനിയില്‍ ജോലി തേടിയെത്തിയ ബിനുവിന് ഏഴു മാസം മാത്രമായിരുന്നു അവിടെ ജോലിയുണ്ടായിരുന്നത്.
പിന്നീട് ഇവിടെ പണിയില്ലെന്ന് പറഞ്ഞ് കമ്പനി കൈവിട്ടപ്പോള്‍ ഒമാന്റെ വിവിധഭാഗങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും ഇല്ലാതെയും വര്‍ഷങ്ങള്‍ തള്ളിനീക്കി. മനം നിറയെ സ്വപ്നങ്ങളുമായി ഒമാനിലെത്തി കൂലിയുമില്ലാതെ പ്രയാസപ്പെട്ട ബിനീഷ് ഒടുവില്‍ ഐ.സി.എഫിന്റെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് തിരിക്കുന്നത്.
സൗജന്യ ടിക്കറ്റും നിയമസഹായങ്ങളും നല്കി ബിനുവിനെ നാട്ടിലെത്തിക്കുകയാണ് ഐ.സി.എഫ്. സമ്പാദ്യങ്ങളൊന്നുമില്ലെങ്കിലും പ്രയാസങ്ങള്‍ തരണം ചെയ്ത് നാട്ടിലെത്താനുള്ള സാഹചര്യം ഒത്തുവന്നതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. മക്കളുടെ പഠനം, കട ബാധ്യതകള്‍ തുടങ്ങിയ ജീവിത പ്രാരാബ്ധങ്ങളുടെ നടുവിലേക്കാണ് ബിനു പറന്നിറങ്ങുന്നതെങ്കിലും പ്രതിസന്ധി നിറഞ്ഞ പ്രവാസ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരമൊരുങ്ങിയതില്‍ അതീവ സന്തുഷ്ടനാണ്.
പ്രതിസന്ധി ഘട്ടത്തില്‍ സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ച ഐ.സി.എഫിനോട് പറഞ്ഞറിയിക്കാനാവാത്ത കടപ്പാടുണ്ടെന്ന് ബിനു പറഞ്ഞു. ഐ.സി.എഫ് നാഷനല്‍ സെക്രട്ടറി റാസിഖ് ഹാജി, വെല്‍ഫെയര്‍ സെക്രട്ടറി റഫീഖ് ധര്‍മടം, നിയാസ് ചെണ്ടയാട് എന്നിവരുടെ നേതൃത്വത്തിലാണ് യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.