മസ്കത്ത്: ഇന്ത്യ മഹാരാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ആകാംഷയോടെ ഒമാനിലെ പ്രവാസലോകവും.
ഏപ്രിൽ 26 ന് പോളിങ് പൂർത്തിയായ ശേഷം ഏതാനും ദിവസങ്ങൾ വോട്ടിലെ കൂട്ടലും കുറക്കലും വാദപ്രതിവാദവുമെല്ലാം ഉണ്ടായെങ്കിലും പതുക്കെ അതൊക്കെ കെട്ടടങ്ങി പ്രവാസികൾ അവരുടെ ദൈനംദിന ജീവിത വിഹ്വലതകളിലേക്കു നീങ്ങി. ജൂൺ ഒന്നിന് അവസാന ഘട്ട വോട്ടെടുപ്പു പൂർത്തിയായി എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നതോടെ വീണ്ടും തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് പ്രവാസലോകവും നീങ്ങിയിരിക്കുകയാണ്.
വോട്ടെണ്ണൽ ദിവസം പ്രവൃത്തിദിനമാണെങ്കിലും ചിലരൊക്കെ ലീവെടുത്തും ഓഫിസിൽ തന്നെ തെരഞ്ഞെടുപ്പ് ഫലം അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വന്ന എക്സിസ്റ്റ്പോൾ ഫലങ്ങളിൽ പൊതുവെ ആളുകൾ നിരാശയിലാണ്. ഇൻഡ്യ മുന്നണി അനുഭാവികൾ എക്സിറ്റ് പോൾ ഫലങ്ങളെ നിരാകരിക്കുകയാണ്.
അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തു സാമൂഹ മാധ്യമങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബി.ജെ.പി അനുഭാവികൾ ആഹ്ലാദത്തോടെ എക്സിറ്റ്പോളുകളെ വരവേറ്റത്. തെരഞ്ഞെടുപ്പ് ഫലം തത്സമയം കാണാനുള്ള സൗകര്യവും വിവിധ സംഘടനകൾ ഒരുക്കിയിട്ടുണ്ട്.
അനീഷ് കടവിൽ
ഇൻഡ്യ മുന്നണി അധികാരത്തിലെത്തും
യാതൊരു തരംഗവും വ്യക്തമാക്കാതെയുള്ള ഈ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ വൻവിജയം പ്രവചിച്ചുള്ള എക്സിറ്റ് പോൾ ഫലങ്ങൾ യാഥാർഥ്യവുമായി ബന്ധമുള്ള ഒന്നല്ല.
70 കോടിയിലേറെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ കേവലം ഒന്നോ രണ്ടോ ശതമാനം പേരുടെ മാത്രം സാമ്പിളെടുത്തുകൊണ്ട് നടത്തുന്ന എക്സിസ്റ്റ് പോളുകൾ വിശ്വാസയോഗ്യമായ ഒന്നല്ല. ബി.ജെ.പിയുടെ മൂന്നു നേതാക്കളൊഴികെ ആരുംതന്നെ ആത്മ വിശ്വാസത്തോടെ ഈ തെരഞ്ഞെടുപ്പുകാലത്തു സംസാരിച്ചില്ല എന്നത് തന്നെ അവർക്കു നേരിടാൻ പോകുന്ന തിരിച്ചടിയുടെ തെളിവാണ്. നാളെ അന്തിമ ഫലം വരുമ്പോൾ ഇൻഡ്യ മുന്നണി 290 ലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.
വിൽസൺ ജോർജ്
മോദി തരംഗമുണ്ടെന്നു വരുത്തിത്തീർക്കാനുള്ള വിഫലശ്രമം
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിക്കുന്നതിനുമുമ്പ് കാര്യങ്ങൾ തങ്ങൾക്കു അനുകൂലമല്ലയെന്ന് ആദ്യം തിരിച്ചറിഞ്ഞത് ബി.ജെ.പിയും നരേന്ദ്ര മോദിയുമാണ്. മാത്രമല്ല മുൻമ്പെങ്ങും കാണാത്ത വിധമുള്ള പ്രതിപക്ഷ ഐക്യവും കണ്ടതോടെ മോദിക്ക് സമനില തെറ്റിയപോലെയായിരുന്നു.
പ്രധാനമന്ത്രി പദവിക്ക് നിരക്കാത്ത തരത്തിലുള്ള വർഗീയ വിദ്വേഷ പ്രസംഗം, കെജ്രിവാളിന്റെ അറസ്റ്റ് , അനിയന്ത്രിതമായ പണമൊഴുക്കൽ എന്നിവയെല്ലാം ഇതിന്റെ തെളിവാണ്. ഈയൊരു സാഹചര്യത്തിൽ ബി.ജെ.പിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും ഉറപ്പാണ്. അതോടൊപ്പം കേരളത്തിലെ എക്സിസ്റ്റ് പോൾ ഫലങ്ങളും തികച്ചും യാഥാർഥ്യത്തിൽ നിന്നും അകലെയാണ്. ഇൻഡ്യ മുന്നണിക്ക് മുൻതൂക്കം വരുന്ന ചില എക്സിസ്റ്റ് പോളുകൾ ആകട്ടെ അവഗണിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ യഥാർഥ ഫലം വരാൻ ഒരു ദിവസംകൂടി കാത്തിരിക്കുക.
ഡോ. സജി ഉതുപ്പാൻ
സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നോ എന്ന് സംശയം
ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് സത്യസന്ധമായി നടക്കുന്നുവെന്നാണ് നമ്മളെല്ലാം ഇതുവരെ കരുതിയിരുന്നത്, എന്നാൽ അങ്ങനെയാണോയെന്ന് സംശയം ഉണ്ടാക്കുന്ന തരത്തിലുള്ള എക്സിസ്റ്റ് പോൾ ഫലങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ഇൻഡ്യ മുന്നണിക്ക് മുൻതൂക്ക മുണ്ടാകും എന്ന പ്രതീക്ഷക്കു മങ്ങലേറ്റെങ്കിലും പൂർണമായും നിരാശപ്പെടേണ്ട കാര്യമില്ലയെന്നാണ് അഭിപ്രായം. എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നതുപോലെ ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാകില്ല. എന്നാൽ അതിനെ മറികടക്കാൻ ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ ബി.ജെ.പി ചെയ്യാൻ സാധ്യതയുണ്ട്.
സിദ്ദീഖ് ഹസ്സൻ
ബി.ജെ.പി സ്പോൺസേർഡ് എക്സിറ്റ് പോൾ
ബി.ജെ.പിക്കും കേന്ദ്രഭരണത്തിനും എതിരായി നടന്ന ജനവിധിയെ തൽക്കാലത്തേക്ക് അടക്കി നിർത്താൻ മാത്രമാണ് എക്സിറ്റ് പോൾ ഫലങ്ങൾക്കു സാധിക്കുക. എന്നാൽ ബി.ജെ.പി അനുകൂല സ്പോൺസേർഡ് മാധ്യമങ്ങൾ നടത്തിയ ഈ സർവേകൾ ഫലങ്ങൾ എപ്പോൾ, എവിടെ നടത്തി എന്നുപോലും വ്യക്തമല്ല.
അവസാന ഘട്ട വോട്ടെടുപ്പ് പൂർത്തിയായ ഉടനെതന്നെ ഫലങ്ങൾ വന്നു. അതിനർഥം നേരെത്തേ തന്നെ തയാറാക്കിയ ഒന്നാണ് ഈ എക്സിസ്റ്റ് പോൾ എന്നാണ്. കേന്ദ്രത്തിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരും എന്ന് തന്നെ വിശ്വസിക്കുന്നു.
അബുസിനാൻ ആതവനാട്
അഭിപ്രായ സർവേയല്ല തെരഞ്ഞെടുപ്പ് ഫലം
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതുപോലെ ഇത്തവണ ഇൻഡ്യ സഖ്യം അധികാരത്തിൽ വരും എന്നാണ് പ്രതീക്ഷ. ഗോദി മീഡിയകൾ പുറത്തുവിട്ട അഭിപ്രായ സർവേകൾ കണ്ട് പ്രതീക്ഷ കൈവിടേണ്ടതില്ലയെന്നാണ് തോന്നുന്നത്. അതിന്റെ പൊള്ളത്തരങ്ങൾ അവർ പുറത്തുവിട്ട റിസൾട്ടിൽ തന്നെയുണ്ട്. ആകെ പത്തു സീറ്റ് മാത്രമുള്ള ഹരിയാന സംസ്ഥാനത്ത് ബി.ജെ.പി.ക്ക് 19 സീറ്റും നാലു സീറ്റുകൾ മാത്രമുള്ള ഹിമാചലിൽ എട്ടു സീറ്റും പ്രവചിക്കുന്ന പത്രപ്രവർത്തകർ ഇന്ത്യക്കാർ തന്നെയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അഭിപ്രായ സർവേകളുടെ പൊള്ളത്തരങ്ങൾ ലാലു പ്രസാദ് യാദവ് കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും ഇപ്പോൾ മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നതും നമ്മൾ കാണുന്നതാണ്. മലയാളികൾക്കു നേരിട്ട് ബോധ്യമുള്ള അത്തരം കാര്യങ്ങളിലാണ് പ്രതീക്ഷ.
സന്തോഷ് കുമാർ
വിഭിന്നമായ ഫലം വരും
ഇൻഡ്യ മുന്നണിക്ക് നേട്ടമുണ്ടാകില്ലായെന്ന തരത്തിൽവന്ന എക്സിറ്റ് പോൾ ഫലങ്ങളൊന്നും തന്നെ യാഥാർഥ്യവുമായി ബന്ധമുള്ള ഒന്നല്ല.
2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റം ഉണ്ടാകുമെന്നാണ് ചാനലുകൾ പ്രവചിച്ചത് എന്നിട്ട് സംഭവിച്ചത് എന്താണ് എന്ന് എല്ലാവരും കണ്ടതാണ്. മുൻകൂട്ടി തയാറാക്കിവിടുന്ന എക്സിറ്റ് പോളുകൾ ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെ സ്ഥിരം അജണ്ടയാണെന്നും ഇൻഡ്യ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു.
മുഹമ്മദ് വാണിമേൽ
ഇൻഡ്യ മുന്നണി വിജയക്കൊടി പാറിക്കും
അനീതിക്കുമേൽ നീതിപുലരുന്ന ദിവസമായിരിക്കും വോട്ടെണ്ണൽ ദിനം എന്ന പ്രത്യാശയാണ് അവസാനഘട്ടത്തിലും തോന്നുന്നത്. രാഷ്ട്രീയവും സാമൂഹികവുമായി രാജ്യത്തെ വേട്ടയാടുന്ന ബി.ജെ.പി സർക്കാറിനെതിരെ ലോകത്തിന്റെ വിവിധ കോണുകളിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് ആശങ്കയുണ്ട്.
ഇതിൽ തന്നെ തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാത്തവർ ഏറെയാണ്. പഴയകാലത്തെ അപേക്ഷിച്ച് അനവധി വോട്ടർമാർ എൻ.ഡി.എ മുന്നണിക്കെതിരെ വോട്ടു ചെയ്യാൻ അവരവരുടെ മണ്ഡലങ്ങളിലേക്ക് വിമാനം കേറിയത് പ്രവാസലോകത്തെ പുതിയ അനുഭവങ്ങളിലൊന്നാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഇതിൽ വിഭിന്നമല്ല. ഇൻഡ്യസഖ്യം 285ലേറെ മണ്ഡലങ്ങളിൽ വിജയക്കൊടി പാറിച്ച് അധികാരത്തിൽ വരുമെന്ന നിറഞ്ഞ പ്രതീക്ഷ മുൻനിർത്തിയാണ് പ്രവാസികൾ വോട്ടെണ്ണൽ ദിനത്തെ കാത്തിരിക്കുന്നത്.
രാജേഷ് മേനോൻ
ബി.ജെ.പി നേടാൻ പോകുന്നത് വലിയ വിജയം
ബി.ജെ.പി ഉത്തരേന്ത്യൻ പാർട്ടി ആണെന്നുള്ള മുൻവിധികളെ തകർക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ് ഇന്നലെ വന്ന എക്സിസിറ്റ് പോൾ ഫലങ്ങളെന്ന് ബി.ജെ.പി അനുഭാവി രാജേഷ് മേനോൻ അഭിപ്രായപ്പെട്ടു.
കേരളമടക്കം ദക്ഷിണേന്ത്യയിൽ ബി.ജെ.പി നേടാൻ പോകുന്നത് വലിയ വിജയമാണ്. കേരളത്തിലെ വോട്ടു വിഹിതം പതിനഞ്ചിൽനിന്നും 27 ആകാൻ പോകുന്നുയെന്ന വാർത്ത കേട്ട് എല്ലാവരും അത്ഭുതം കൊണ്ടിരിക്കുകയാണെങ്കിലും, ബി.ജെ.പി നേതൃത്വവും പ്രവർത്തകരും ഇതു പ്രതീക്ഷിച്ചതു തന്നെയാണ്. മൂന്നാംവട്ടവും അധികാരത്തിലേറാൻ പോകുന്ന നരേന്ദ്ര മോദിക്കും കൂട്ടർക്കും എന്റെ അഭിനന്ദനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.