മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകർക്ക് നൽകുന്ന പ്രഥമ ഗുരുദക്ഷിണ പുരസ്കാരം പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തരപരിശീലകനും എഴുത്തുകാരനും േവ്ലാഗറുമായ ബിനു കെ. സാമിന്. ഏപ്രിൽ 28ന് മലയാളം ഒമാൻ ചാപ്റ്റർ മസ്കത്തിൽ സംഘടിപ്പിക്കുന്ന മലയാള മഹോൽസവത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്കാരം സമർപ്പിക്കുമെന്ന് ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല, വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
അധ്യാപനത്തിൽ നിരന്തരമായി നൂതനാശയങ്ങൾ ആവിഷ്ക്കരിച്ചതാണ് ബിനു കെ.സാമിനെ പ്രധാനമായും ഈ അംഗീകാരത്തിന് അർഹനാക്കിയതെന്ന് പുരസ്കാര സമിതിയംഗങ്ങളായ ഡോ. ജോർജ് ലസ്ലി, ഹസ്ബുള്ള മദാരി, അജിത് പനച്ചിയിൽ എന്നിവർ പറഞ്ഞു. ഭാഷ അനായാസം പഠിക്കുന്നതിനായി തയാറാക്കിയ അക്ഷരക്കളി, പഠനത്തിൽ ചീട്ടുകളിയുടെ സാധ്യത ഉപയോഗിച്ച് നിർമിച്ച അക്ഷരച്ചീട്ട്, റോഡുനിയമങ്ങൾ കളിയിലൂടെ വേഗത്തിൽ പഠിക്കുന്നതിനായി തയാറാക്കിയ വഴികാട്ടി -പാമ്പും കോണിയും ഏറെ ശ്രദ്ധേയമായ നൂതനാശയങ്ങളാണ്.
പഠനപ്രവർത്തനത്തിന്റെ ഭാഗമായി തയാറാക്കിയ നാല് ഹ്രസ്വചിത്രങ്ങളിൽ നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം, മാനസികവെല്ലുവിളികൾ നേടുന്നവർക്ക് സമൂഹം നൽകേണ്ട പരിഗണന, ലഹരി ഉപേക്ഷിക്കേണ്ടതിന്റെ അനിവാര്യത, പ്രകൃതിസംരക്ഷണം എന്നീ പ്രമേയങ്ങളിലൂടെ ആശയസംവേദനം എത്ര അനായാസം കുട്ടികളിൽ എത്തുന്നു എന്നതിന്റെ അനുകരണീയ മാതൃകകൾ ബിനു കെ. സാമിനെ വ്യത്യസ്തനാക്കുന്നുവെന്ന് പുരസ്കാരനിർണയസമിതി പറഞ്ഞു. ഭാഷയുടെ സംരക്ഷണത്തിനായി പ്രതിവാര പഠന പംക്തിയായ പതിരും കതിരും തുടരുന്നതും സാഹിത്യലോകത്തെ സാന്നിധ്യവും പുരസ്കാരത്തിലേക്ക് നയിച്ച ഘടകമായി. പത്തനംതിട്ട തേക്കുതോട് കുളത്തുങ്കൽ, അധ്യാപകദമ്പതികളായ സാമുവൽ കുളത്തുങ്കലിന്റെയും ജി. ദീനാമ്മയുടെയും മകനാണ് ബിനു കെ. സാം. ഭാര്യ കോട്ടയം സി.എം.എസ്. കോളജ് മലയാളവിഭാഗം അധ്യാപികയായ മിനി മറിയം സഖറിയ. മകൾ ആർച്ച ഡൈന ബംഗളുരു ൈക്രസ്റ്റ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.