മസ്കത്ത്: പനിയെയും ഛർദിയെയും തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുന്ന ഏക മകനെ കാണാൻ വഴി തേടിയലഞ്ഞ തൃശൂർ ചേർപ്പ് സ്വദേശി വില്ല്യംസിെൻറ സങ്കടം മസ്കത്തിലെ പ്രവാസി മലയാളികൾ ശനിയാഴ്ച സാമൂഹിക മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. സാമൂഹിക പ്രവർത്തകർക്ക് ഒപ്പം ഇന്ത്യൻ എംബസിയും കൈകോർത്തതോടെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലുള്ള രണ്ടുവയസുകാരനായ മകൻ സാവിയോയെ ഒരുനോക്ക് കാണാൻ ഒടുവിൽ വില്ല്യംസിന് വഴി തെളിഞ്ഞു. പ്രവാസി ഒഴിപ്പിക്കലിെൻറ രണ്ടാം ഘട്ടത്തിെൻറ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനുള്ള വിമാനത്തിൽ വില്ല്യംസ് നാട്ടിലേക്ക് പോകും. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനിൽ കുമാറാണ് തനിക്ക് ലഭിച്ച സീറ്റൊഴിഞ്ഞുകൊടുത്ത് കാരുണ്യം കാട്ടിയത്. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളാണ് ഇതിന് വേണ്ട ഇടപെടലുകൾ നടത്തിയത്. അനിൽ കുമാറിന് കൊച്ചിയിലേക്കുള്ള അടുത്ത വിമാനത്തിൽ ഇന്ത്യൻ എംബസി സീറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്.
മിസ്ഫയിലെ കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് വില്ല്യംസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മകനെ ചെറിയ പനിയെയും ഛർദിയെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വില്ല്യംസ് പറഞ്ഞു. ശനിയാഴ്ചയാണ് തലച്ചോറിലെ അണുബാധയെ തുടർന്ന് കുട്ടിയുടെ നില അതീവ ഗുരുതരമായതും വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചതും. തിരുവനന്തപുരം വിമാനത്തിനുള്ള ടിക്കറ്റുകൾ പൂർണമായി നൽകി കഴിഞ്ഞതിനാൽ യാത്രക്കാർ ആരെങ്കിലും മാറികൊടുത്താൽ മാത്രമേ വില്ല്യംസിന് പോകാൻ സാധിക്കുമായിരുന്നുള്ളൂ. തുടർന്ന് വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ അനിൽകുമാറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പൂർണ മനസോടെ മാറി നൽകുകയായിരുന്നു.
ബുആലിയിലെ ഫിഷറീസ് കമ്പനി ജോലിക്കാരനായിരുന്ന അനിൽകുമാർ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടർചികിത്സക്കും വിശ്രമത്തിനുമായാണ് നാട്ടിലേക്ക് പോകാനിരുന്നത്. ജോലി നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്ന ഇദ്ദേഹത്തിന് കഴിഞ്ഞ മാസം 24നാണ് വയറുവേദന അനുഭവപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കരളിന് താഴെ ഉള്ള ട്യൂബിൽ കല്ലാണെന്ന് കണ്ടെത്തി. മസ്കത്തിൽ ഇതിനായുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. നാട്ടിൽ തുടർ ചികിത്സക്കുള്ള വിശ്രമത്തിനായി പോകാനാണ് എംബസിയിൽ രജിസ്റ്റർ ചെയ്തത്. ഇതിനിടെ ഇദ്ദേഹത്തിന് മഞ്ഞപിത്തവും പിടിെപട്ടു. വേൾഡ് മലയാളി ഫെഡറേഷനാണ് ഇദ്ദേഹത്തിെൻറ ചികിത്സാകാര്യത്തിൽ ഇടപെടലുകൾ നടത്തിയത്. വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ ചാപ്റ്റർ പ്രസിഡൻറ് അമ്മുജം രവീന്ദ്രൻ, ഗ്ലോബൽ കോ-ഒാഡിനേറ്റർ ജെ.രത്നകുമാർ, വൈസ് പ്രസിഡൻറ് അൻസാർ അബ്ദുൽ ജബ്ബാർ എന്നിവരാണ് വേണ്ട ഇടപെടലുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.