മസ്കത്ത്: സീബ് വിലായത്തിലെ തെക്കൻ മബേലയിൽ റസ്റ്റാറന്റിലുണ്ടായ വൻ പൊട്ടിത്തെറിയിൽ 18 പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കനത്ത സ്ഫോടനത്തിൽ റസ്റ്റാറന്റിന് സമീപത്തെ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വരെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പാചകവാതകം ചോർന്നാണ് അപകടമെന്നാണ് പ്രാഥമിക സൂചനകളിൽ വ്യക്തമാകുന്നത്.
പ്രദേശമൊന്നടങ്കം കുലുങ്ങുന്ന രീതിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപ്രതീക്ഷിതമായുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം ദൂരെ സ്ഥലങ്ങളിൽ വരെ കേൾക്കുന്ന രീതിയിലായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അതിവേഗം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
റസ്റ്റാറന്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെയും മറ്റു വാഹനങ്ങളുടെയും ചില്ലുകളും അപകടത്തിൽ തകർന്നു. റസ്റ്റാറന്റ് പൂർണമായും തകർന്ന അവസ്ഥയിലാണുള്ളത്. അപകടം സംബന്ധിച്ച് അധികൃതർ വിശദമായ പരിശോധന നടത്തും. ചൂടുകാലമായതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീപിടിത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും മബേലയിലേത് വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.