മസ്കത്ത്: ടൂറിസം രംഗത്ത് പുത്തനുണർവ് പകരാൻ മത്ര കേബിൾ കാർ പദ്ധതി യാഥാർഥ്യമാക്കാൻ അധികൃതർ. മത്ര വിലായത്ത് മുനിസിപ്പൽ കൗൺസിൽ അംഗം ഹമദ് അൽ വഹൈബിയാണ് പ്രാദേശിക പത്രത്തോട് ഇക്കാര്യം അറിയിച്ചത്. ഈ വർഷംതന്നെ പദ്ധതി യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നത്.
മസ്കത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. അത് ശരിയായാൽ സുപ്രധാന പദ്ധതി ഉടൻ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മത്ര കോർണിഷിനോട് ചേർന്നുള്ള പദ്ധതി വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് കരുതുന്നത്. കോർണിഷിലെ ഫിഷ് മാർക്കറ്റ് സ്റ്റാൻഡിൽനിന്നായിരിക്കും കേബിൾ കാർ യാത്ര ആരംഭിക്കുക. റിയാംപാർക്കിന് മുന്നിലായിരിക്കും അടുത്ത സ്റ്റോപ്പ്. ഇത് റൈഡർമാർക്ക് വിശ്രമിക്കാനും കാപ്പി പോലുള്ള പാനീയങ്ങൾ കുടിക്കാനുമുള്ള സ്റ്റോപ്പായി പ്രവർത്തിക്കും. പദ്ധതിയുടെ ആകൃതി ഏകദേശം അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വി’ പോലെയായിരിക്കും.
ഒരാൾക്ക് നാല് മുതൽ ആറു റിയാൽ ചെലവ് വരുമെന്നാണ് കരുതുന്നതെന്നും അൽ വഹൈബി പറഞ്ഞു. 34 കേബിൾ കാറുകളായിരിക്കും ഉണ്ടാകുക. ഒമാനി കമ്പനി ഒരു വിദേശ കമ്പനിയുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.