മസ്കത്ത്: ഒമാനിലെ പുതിയ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് (സിലാൽ) ജൂൺ 29 മുതൽ പ്രവർത്തനം തുടങ്ങും. ഇതോടെ പതിറ്റാണ്ടുകളുടെ കഥ പറയാനുള്ള മവേല സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് ചരിത്രമാവുകയാണ്. ജൂൺ 29നു മുമ്പ് മവേല മാർക്കറ്റിലെ കടകളും സ്ഥാപനങ്ങളും അടച്ചുപൂട്ടണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിപ്പ് പുറപ്പെടുവിച്ചു. ഇതിനുശേഷം ശേഷം സ്റ്റോർ ചെയ്യൽ അടക്കമുള്ള ഒരു വാണിജ്യ പ്രവർത്തനവും മവേലയിൽ അനുവദിക്കില്ലെന്നു അറിയിപ്പിലുണ്ട്. മാർക്കറ്റ് ഖസാഇനിലേക്ക് മാറാനുള്ള സമയ ക്രമവും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുണ്ട്.
ഇതനുസരിച്ച് അടുത്ത മാസം ഒമ്പതിന് മൊത്ത വ്യാപാര മാർക്കറ്റുകളുടെ യൂനിറ്റുകളുടെ കോൾഡ് സ്റ്റോറുകളും കേന്ദ്ര കോൾഡ് സ്റ്റോറും ഉള്ളി ഷെഡുകളും ഉരുളക്കിഴങ്ങ് ഷെഡുകളും കാര്യ നിർവഹണ ഓഫിസുകളും ബുക്ക് ചെയ്ത സ്ഥാപനങ്ങൾക്ക് കൈമാറും. ജൂൺ 22മുതൽ പരിശോധന ആരംഭിക്കും. മാവേല മാർക്കറ്റിൽനിന്ന് ഖസാഇൻ സിലാൽ മാർക്കറ്റിലേക്ക് മാറ്റിയ എല്ലാ കർഷിക ഉൽപന്നങ്ങളുടെ കസ്റ്റംസ് പരിശോധനയും നടക്കും.
ഈ മാസം 20ന് കരാർ ഒപ്പിടുന്നവർക്ക് കോൾഡ് സ്റ്റോറുകളുടെ വാടകയിൽ പ്രത്യേക ഇളവും ലഭിക്കുമെന്ന് സർക്കുലറിൽ പറയുന്നു. സിലാൽ മാർക്കറ്റിൽ വാണിജ്യ സ്ഥാപനങ്ങൾ വാടകക്കെടുത്ത കമ്പനികളുടെ ഉടമകൾ ജീവനക്കാരുടെയും തൊഴിലാളികളുടെയും ലേബർ കാർഡ് കോപ്പികൾ അധികൃതർക്ക് കൈമാറണമെന്നും അറിയിപ്പിൽ പറയുന്നു. ജീവനക്കാർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡ് നൽകാനാണിത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ത്രീടണ്ണും അതിനുമുകളിലുമുള്ള വാഹനങ്ങുടെ ഉടമസ്ഥാവകാശ രേഖകളും സമർപ്പിക്കണം. മവേല സെൻട്രൽ മാർക്കറ്റിന്റെ കരാർ അടുത്ത മാസം 29 വരെ പുതുക്കി നൽകും. ഇതിനാവശ്യമായ രേഖകൾ രണ്ടാഴ്ചക്കുള്ളിൽ സമർപ്പിച്ചിരിക്കണം.
മവേല സെൻട്രൽ മാർക്കറ്റ് വർഷം തോറും വളരുകയാണെന്നും ലബനാൻ, സിറിയ, ജോർഡൻ, ഇറാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും എത്തുന്ന ഉൽപന്നങ്ങൾ വർധിക്കുകയാണെന്നും അതിനാൽ മാർക്കറ്റിൽ സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്നും സെൻട്രൽ മാർക്കറ്റ് മാനേജർ ഹമദ് സഈദ് അൽ ഹജ്രി പറഞ്ഞു. പ്രദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങളും വർധിക്കുന്നുണ്ട്. അതിനാൽ, കൂടുതൽ സൗകര്യങ്ങളുള്ള ഖസാഇനിലേക്ക് മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മാവേല മാർക്കറ്റ് 1987ലാണ് ആരംഭിച്ചതെന്നും എന്നാൽ പിന്നീട് അടക്കേണ്ടി വന്നെന്നും 1997 മുതലാണ് വീണ്ടും തുറന്ന് പ്രവർത്തിച്ചതെന്നും സൂഹൂൽ അൽ ഫൈഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. 2000 മുതലാണ് പൂർണമായ അർഥത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അക്കാലത്ത് 90 ശതമാനം പഴം പച്ചക്കറികളും അയൽ നാടുകൾ വഴിയാണ് മാർക്കറ്റിൽ എത്തിയിരുന്നത്. എന്നാൽ, ഇന്ന് 90 ശതമാനം ഉൽപന്നങ്ങളും നേരിട്ടാണ് ഇറക്കുമതി ചെയ്യുന്നതെന്നും അബ്ദുൽ വാഹിദ് പറഞ്ഞു. മാർക്കറ്റിൽ നിലവിൽ 400 ഓളം ഇറക്കുമതി-കയറ്റുമതി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
പുതിയ പഴം പച്ചക്കറി മാർക്കറ്റിൽ രണ്ട് ദശലക്ഷം റിയാലാണ് സുഹൂൽ അൽ ഫൈഹ നിക്ഷേപിക്കുന്നത്. ഇക്കണോമിക് സിറ്റിയിൽ പത്ത് ലക്ഷം റിയാലോളമാണ് നിക്ഷേപം ഇറക്കുന്നത്. പുതിയ മാർക്കറ്റിൽ കോൾഡ് സ്റ്റോർ, ഡ്രൈ സ്റ്റോർ, മൊത്ത വ്യാപാര ഹാൾ, ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവക്കുള്ള പ്രത്യേക ഭാഗങ്ങൾ, കാർഷിക പരിശോധന മേഖല, മാർക്കറ്റിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഭരണ നിർവഹണ ഓഫിസുകൾ, ഫോർക് ലിഫ്റ്റ് സേവനങ്ങൾ, ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, പച്ചക്കറികളും പഴ വർഗങ്ങളും തരം തിരിക്കാനുള്ള യാർഡുകൾ, പച്ചക്കറി പഴ വർഗങ്ങളുടെ കസ്റ്റംസ് പരിശോധന ഗേറ്റുകൾ, കാർഷിക മത്സ്യ ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പച്ചക്കറികളുടെ ടെസ്റ്റിങ് നടത്തുന്ന ലാബുകൾ തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ മാർക്കറ്റിലുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.