മസ്കത്ത്: ഇരു രാജ്യങ്ങളിലും തടവിൽ കഴിഞ്ഞിരുന്ന പൗരൻമാരെ പരസ്പരം മോചിപ്പിച്ച് ഇറാനും സ്വീഡനും. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഒമാൻ നടത്തിയ മധ്യസ്ഥതയെ തുടർന്നാണ് ഇറാനും സ്വീഡനും പൗരൻമാരെ മോചിപ്പിച്ചത്. പ്രശ്നം പരിഹരിക്കാൻ സഹായിക്കണമെന്ന് ഇരുരാജ്യങ്ങളും ഒമാൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ടെഹ്റാൻ, സ്റ്റോക്ക്ഹോം എന്നിവിടങ്ങളിൽനിന്ന് മോചിപ്പിച്ച വ്യക്തികളെ അവരുടെ രാജ്യങ്ങളിലേക്ക് അയക്കുന്നതിന്റെ ഭാഗമായി മസ്കത്തിലെത്തിക്കുകയും ചെയ്തു. ഇറാനും സ്വീഡിഷ് പക്ഷവും മസ്കത്തിൽ നടന്ന ചർച്ചകളുടെയും മറ്റും അടിസ്ഥാനത്തിൽ നയതന്ത്ര വിജയത്തിലെത്താൻ സാധിച്ചതിൽ ഇരുവിഭാഗത്തേയും ഒമാൻ അഭിനന്ദിച്ചു.
രണ്ടു വർഷത്തോളം തടവിൽ കഴിഞ്ഞിരുന്ന ഫ്രഞ്ച് പൗരനെ ഒമാന്റെ ഇടപെടലിനെ തുടർന്ന് ദിവസങ്ങൾക്കുമുമ്പ് ഇറാൻ മോചിപ്പിച്ചിരുന്നു. 30 വയസുകാരനായ ലൂയിസ് അർനോഡ് എന്നയാളെയായിരുന്നു ഇറാൻ വിട്ടയച്ചത്. മോചനത്തിന് ഇടപെട്ട ഒമാൻ സർക്കാറിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഒമാന്റെ ഇടപെടലിലൂടെ ഇറാനും സ്വീഡനും തടവിൽ കഴിഞ്ഞിരുന്ന പൗരൻമാരെ പരസ്പരം വിട്ടയച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.