മസ്കത്ത്: ജൂണിലെ കോവിഡ് പ്രതിരോധ കുത്തിവെപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. 45വയസ്സ് കഴിഞ്ഞവർക്കും സർക്കാർ ജീവനക്കാർക്കും ഈമാസം വാക്സിൻ നൽകും. ആകെ 12.5 ലക്ഷം വാക്സിനാണ് രാജ്യത്ത് എത്തിച്ചേരുക. 11ലക്ഷം ഫൈസർ വാക്സിനും 1,48,000 ആസ്ട്രസെനികയുമാണ് ലഭിക്കുക. ഒരോ ആഴ്ചയും രണ്ടു ലക്ഷം വീതം വാക്സിനാണ് എത്തുക. ആദ്യ ബാച്ച് കഴിഞ്ഞ ശനിയാഴ്ച രാജ്യത്തെത്തിയെന്നും അടുത്തത് വരുന്ന ശനിയാഴ്ച കിട്ടുമെന്നും മന്ത്രാലയം പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ ബദ്ർ ബിൻ സൈഫ് അൽ റവാഹി അറിയിച്ചു.
ജൂണിലെ മെഗാ വാക്സിനേഷന് കൃത്യമായ ആസൂത്രണത്തോടെ മന്ത്രാലയം പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാരും സുരക്ഷാ-സൈനിക അതോറിറ്റികളിലെ ജീവനക്കാരും പുതിയ മുൻഗണനപ്പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ഇതിനകം വാക്സിൻ ലഭിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും അടിസ്ഥാന സേവനദാതാക്കൾക്കും അടുത്ത ആഴ്ച കുത്തിവെപ്പ് തുടങ്ങും. ജൂണിലെ മൂന്നാം ആഴ്ച മുതലാണ് 45കഴിഞ്ഞവർക്കുള്ള വാക്സിനേഷൻ തുടങ്ങുക. ആദ്യ ഡോസ് നേരത്തേ ലഭിച്ച എല്ലാവർക്കും രണ്ടാം ഡോസ് ഈമാസംതന്നെ നൽകും. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് കീഴിലുള്ള വിദ്യാർഥികളും ശാസ്ത്ര ഗവേഷകരും പുതിയ മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
കുത്തിവെപ്പ് നടപ്പാക്കുന്നതിന് എല്ലാ ഗവർണറേറ്റുകളിലും വാക്സിൻ കേന്ദ്രങ്ങൾ ആരംഭിക്കുകയും ആവശ്യമെങ്കിൽ മൊബൈൽ സർവിസുകൾ തുടങ്ങുകയും ചെയ്യും. രാജ്യത്ത് ലഭ്യമാക്കുന്ന വാക്സിൻ ഏറ്റവും സുരക്ഷിതമായതാണെന്നും വിദഗ്ധർ തെരഞ്ഞെടുത്തതാണെന്നും മ്രന്താലയം വ്യക്തമാക്കി.
12വയസ്സ് കഴിഞ്ഞവർക്കെല്ലാം വാക്സിൻ ലഭ്യമാക്കി ജനസംഖ്യയുടെ 70ശതമാനത്തെയും പ്രതിേരാധ കുത്തിവെപ്പ് എടുത്തവരുടെ പരിധിയിൽ കൊണ്ടുവരാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. വാക്സിൻ വരവ് തുടരുമെന്നും ആഗസ്റ്റ് അവസാനത്തോടെ 30-35ശതമാനം പേരും വാക്സിൻ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.