മസ്കത്ത്: ഇന്ത്യയും സുൽത്താനേറ്റും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ വിളക്കിച്ചേർത്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മടങ്ങി. വാർത്ത-വിവര കൈമാറ്റം, ഇ-പേമെന്റ് സേവനങ്ങളിലെ സഹകരണം തുടങ്ങിയ മേഖലകളിൽ ഒമാനും ഇന്ത്യയും ധാരണയായിട്ടുണ്ട്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായും കൂടിക്കാഴ്ച നടത്തി. ഓഫിസിലെത്തിയ മന്ത്രി വി. മുരളീധരന് ഊഷ്മളമായ സ്വീകരണമാണ് ഒമാൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ നൽകിയത്. കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്തു. സാമ്പത്തിക, ബിസിനസ്, ശാസ്ത്രമേഖലകളിൽ ഉഭയകക്ഷി ബന്ധം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച ചെയ്തു. പരസ്പരം താൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ ഇരുവരും കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.
അടുത്ത വർഷം ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയെ സയ്യിദ് ബദർ അഭിനന്ദിക്കുകയും ചെയ്തു. അതിഥി രാജ്യമായി പങ്കെടുക്കാൻ ഒമാനെയും ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയിൽ ഒമാൻ വിദേശകാര്യമന്ത്രിയുടെ ഓഫിസ് വകുപ്പ് മേധാവി ഖാലിദ് ഹഷെൽ അൽ മുസെൽഹി, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ്, ഇരുവിഭാഗത്തിൽനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. പരസ്പര താൽപര്യമുള്ള ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ നയതന്ത്രകാര്യങ്ങളുടെ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അൽഹാർത്തിയുമായും മന്ത്രി ആശയവിനിമയം നടത്തി. മസ്കത്തിലെ ലേബർ ക്യാമ്പ് സന്ദർശിച്ച മന്ത്രി തൊഴിലാളികളുമായി സംവദിക്കുകയും അവരുടെ ക്ഷേമം ചോദിച്ചറിയുകയും ചെയ്തു.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ, ക്ഷേമ വ്യവസ്ഥകൾ എന്നിവ പ്രധാനമന്ത്രിയുടെ കീഴിലുള്ള സർക്കാറിന്റെ മുൻഗണനയിലുള്ള വിഷയങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ അംബാസഡർ അമിത് നാരങ് അടക്കമുള്ള ഉദ്യോഗസ്ഥർ സംബന്ധിച്ചു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി സന്ദർശിച്ച മന്ത്രി എക്സിക്യൂട്ടിവ് പ്രസിഡന്റ് അബ്ദുസ്സലാം അൽ മുർഷിദിയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യങ്ങൾ, എനർജി മേഖലകളിലെ വലിയ നിക്ഷേപസാധ്യതകൾ തുടങ്ങിയവയെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഇന്ത്യയിൽ സ്വീകരിക്കുന്ന നയപരമായ സംരംഭങ്ങൾ മന്ത്രി എടുത്തുപറയുകയും ചെയ്തു. മസ്കത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മന്ത്രി സന്ദർശിച്ചു.
ഒമാനിലെത്തിയ മന്ത്രിക്ക് ഊഷ്മള വരവേൽപ്പായിരുന്നു മസ്കത്ത് എംബസിയുടെ നേതൃത്വത്തിൽ നൽകിയിരുന്നത്. എംബസിയിൽ ഒമാനിലെ ആദ്യത്തെ മഹാത്മ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും മന്ത്രി നിർവഹിച്ചു. 'ഇന്ത്യ-ഒമാൻ: ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേതുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ട് പ്രവാസി സമൂഹം എംബസിയിൽ സ്വീകരണ പരിപാടിയും ഒരുക്കിയിരുന്നു. വി. മുരളീധരന്റെ രണ്ടാമത്തെ ഒമാൻ സന്ദർശനമായിരുന്നു ഇത്. 2020 ഡിസംബറിലായിരുന്നു ഇതിനുമുമ്പ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.