മസ്കത്ത്: മസ്കത്ത് വിമാനത്താവളത്തിൽ ഫ്രീ സോൺ മേഖലയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. രാജ്യത്തെ വികസിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപ കേന്ദ്രങ്ങൾക്ക് പുതിയ മാനം നൽകുന്ന ഒരു സുപ്രധാന സംരംഭമാണിത്. മസ്കത്ത് എയർപോർട്ട് ഫ്രീ സോൺ സ്പെഷൽ സോൺസ് ആൻഡ് ഫ്രീസോൺ പൊതു അതോറിറ്റിയും അസ്യാദ് ഗ്രൂപ്പും തമ്മിൽ ഇത് സംബന്ധമായ കരാറിൽ ഒപ്പിട്ടിരുന്നു.
വിമാനത്താവളം കേന്ദ്രമാക്കി ആരംഭിക്കുന്ന ആദ്യ ഫ്രീസോൺ കൂടിയാണിത്. പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക മേഖല വൈവിധ്യവത്കരിക്കാൻ സഹായകമാവും. ഒന്നാം ഘട്ടത്തിൽ 3,70,000 ചതുരശ്ര മീറ്റർ ഏരിയയിലാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി വൈദ്യുതി, വെളിച്ചം എന്നിവ എത്തിക്കാനുള്ള പദ്ധതിയാണ് നടക്കുന്നത്.
പ്രവേശന റോഡുകളുടെ നിർമാണം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ, നിലം ഒരുക്കുന്ന ജോലികൾ എന്നിവ ഉൾപ്പെടുന്ന ഒന്നാം ഘട്ട ഇൻഫ്രാസ്ട്രക്ചർ പ്രവൃത്തികൾ ഏറ്റെടുക്കാൻ പ്രാദേശിക ഒമാനി കരാറുകാരൻ അബു ഹാറ്റിം കോ എൽ.എൽ.സിയെ തെരഞ്ഞെടുത്തു. ഇന്റർനാഷനൽ എൻജിനീയറിങ് സ്ഥാപനമായ പാർസൺസാണ് ഡിസൈൻ കൺസൽട്ടന്റ്.
മസ്കത്ത് എയർപോർട്ട് ഫ്രീ സോണിന്റെ (എം.എ.എഫ്.ഇസെഡ്) നിർമാണം ആരംഭിക്കുന്നതിൽ സന്തുഷ്ടനാണെന്ന് അസ്യാദ് ഗ്രൂപ്പിലെ എം.എ.എഫ്.ഇസെഡ് ഡയറക്ടർ ഫൈസൽ അലി അൽ ബലൂഷി പറഞ്ഞു. ഇത് ആസ്യാദ് ഗ്രൂപ്പിന് മാത്രമല്ല, സാമ്പത്തിക വൈവിധ്യവത്കരണം തുടരുകയും വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്ന ഒമാനിനും ഒരു നാഴികക്കല്ലാണ്.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും തന്ത്രപ്രധാനമായ സ്ഥലവും മസ്കത്ത് ഇന്റർനാഷനൽ എയർപോർട്ടിന് സമീപമുള്ളതിനാൽ, ഈ ഫ്രീ സോൺ സംയോജിത ലോജിസ്റ്റിക്സിൽ ഞങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ആഗോള ബിസിനസുകൾക്ക് ഒമാനിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രീ സോൺ നിലവിൽ വരുന്നതോടെ ലോജിസ്റ്റിക്കിന്റെ അന്താരാഷ്ട്ര ഹബ്ബായി വിമാനത്താവളം മാറും. വിവിധയിനം ഉൽപന്നങ്ങളുടെ നിർമാണം കയറ്റുമതി ചെയ്യുക, വിവിധ രാജ്യങ്ങളിലേക്കുള്ള ഉൽപന്നങ്ങൾ ഒമാൻ വഴി കയറ്റി അയക്കുക തുടങ്ങിയ നിരവധി പദ്ധതികൾ ഫ്രീ സോൺ മേഖലയിലുണ്ടാവും.
കയറ്റുമതിക്കും മറ്റും അന്താരാഷ്ട്ര നിലവാരമുള്ള ലോജിസ്റ്റിക് സംരംഭം ഒരുക്കുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടും. എറ്റവും മികച്ച ഉപരിതല പശ്ചാത്തലമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക. അതോടൊപ്പം മികച്ച വാണിജ്യ സൗഹൃദ പരിസ്ഥിതി ഒരുക്കുകയും ചെയ്യും.
ഇവിടെ പ്രവർത്തിക്കുന്ന ചെറിയ വ്യവസായങ്ങൾക്ക് മസ്കത്ത് വിമാനത്താവളം ഉപയോഗപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ വളരാൻ കഴിയും. അതോടെ, മറ്റ് തുറമുഖങ്ങളും അതിർത്തി കര പോർട്ടുകളും കമ്പനികൾക്ക് ഉപയോഗപ്പെടുത്താനാവും.
നിരവധി മേഖലകളിലുള്ള നിക്ഷേപ അവസരമാണ് മസ്കത്ത് വിമാനത്താവള ഫ്രീ സോണിൽ ഉണ്ടാവുക. ലോജിസ്റ്റിക്, വാണിജ്യ മേഖലകൾ, വെയർ ഹൗസുകൾ, ഓഫിസ് സൗകര്യങ്ങൾ വിവിധ തരം കയറ്റുമതി സൗകര്യങ്ങൾ എന്നിവ ഫ്രീസോണിലുണ്ടാവും.
ഫ്രീസോണിൽ നിക്ഷേപം നടത്തുന്നവർക്ക് നിരവധി ആനുകുല്യങ്ങൾ ലഭിക്കും. 100 ശതമാനം വിദേശി ഉടമസ്ഥത, കയറ്റുമതി ഇറക്കുമതി നികുതിയിലെ പൂർണമായ ഇളവ്, മിനിമം മൂലധനം ആവശ്യമില്ലായ്മ, 15 വർഷക്കാലത്തേക്ക് ഇൻകം ടാക്സ് ഇളവ്, എല്ലാ പെർമിറ്റുകളും ലൈസൻസുകളും ലഭിക്കാൻ ഒറ്റ പോയന്റ് സേവനം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.