മസ്കത്ത്: മറാത്തി, ബംഗാളി, അസമീസ്, പാലി, പ്രാകൃത് തുടങ്ങിയവയുടെ ക്ലാസിക്കൽ ഭാഷ പദവി മസ്കത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ഇന്ത്യയുടെ സാഹിത്യപരവും ചരിത്രപരവും ബൗദ്ധികവുമായ പാരമ്പര്യങ്ങൾക്ക് വളരെയധികം സംഭാവന നൽകിയ ഈ ഭാഷകളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ ആദരിക്കാനായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ ഭാഷകൾക്ക് ക്ലാസിക്കൽ പദവി നൽകാനുള്ള തീരുമാനം സന്തോഷം നൽകുന്നതണെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് പറഞ്ഞു.
‘ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷമാണ്. കാരണം മറാത്തി, ബംഗാളി, അസാമീസ്, പാലി, പ്രാകൃത എന്നിവ ക്ലാസിക്കൽ ഭാഷകളായി അംഗീകരിക്കുന്നത് അവരുടെ മഹത്തായ സംഭാവനയെ അംഗീകരിക്കുന്നു. ഇന്ന് നമ്മൾ ആഘോഷിക്കുന്നത് ഭാഷകളെ മാത്രമല്ല, നൂറ്റാണ്ടുകളായി അവർ പരിപോഷിപ്പിച്ച ആളുകളെയും സാഹിത്യത്തെയും പാരമ്പര്യങ്ങളെയും ആണ്’ -അംബാസഡർ പറഞ്ഞു.
ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ മറാത്തി, ബംഗാളി, അസമീസ് കമ്യൂണിറ്റികളുടെ സാംസ്കാരിക പരിപാടികളും ചടങ്ങിൽ അവതരിപ്പിച്ചു. ഓരോ സമൂഹത്തിന്റെയും ഭാഷാപരവും സാംസ്കാരികവുമായ പൈതൃക സമൃദ്ധി ഉയർത്തിക്കാട്ടുന്നതായിരുന്നു പരിപടികൾ.
ക്ലാസിക്കൽ ഭാഷ പദവി അംഗീകാരം നൽകിയതിന് മറാത്തി, ബംഗാളി, അസമീസ് കമ്യൂണിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ഇന്ത്യ ഗവൺമെന്റിന് നന്ദി അറിയിച്ചു. ഇന്ത്യയും ഒമാനും തമ്മിലെ ശക്തമായ സാംസ്കാരിക ബന്ധത്തിന് അടിവരയിടുന്നതുകൂടിയായി ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.