മസ്കത്ത്: മസ്കത്ത് നൈറ്റ്സിന്റെ ഭാഗമായി നടക്കുന്ന മാജിക്ക് ഷോ പ്രേക്ഷകരെ വിസ്മയലോകത്തേക്ക് കൊണ്ടുപോകുന്നു. കണ്ണഞ്ചിപ്പിക്കുന്നതും അത്ഭുതപ്പെടുത്തുന്നതുമായ പ്രകടനങ്ങൾ ആസ്വാദനത്തിന്റെ നവ്യാനുഭവമാണ് പകർന്നുനൽകുന്നത്. മാന്ത്രികതയുടെ വിസ്മയച്ചെപ്പു തുറന്നുള്ള പ്രകടനങ്ങൾ ഖുറം നാചുറൽ പാർക്കിൽ മാന്ത്രികൻ ഫ്രെഡ് ഷാർപ്പിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്.
ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രഫഷനൽ മാന്ത്രികനാണ് ഫ്രെഡ് ഷാർപ്പ്. എല്ലാ ദിവസവും വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുന്ന ഷോ ജനുവരി 26 വരെ നീളും. കാണികളെ ആകർഷിക്കുന്ന ഫയർ ഷോകളും നടക്കുന്നുണ്ട്. ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ഏഴു മുതൽ 12 വയസ്സുവരെയുള്ളവർക്ക് ഒരു റിയാലും 13 വയസ്സിനു മുകളിലുള്ളവർക്ക് രണ്ടു റിയാലുമാണ് ഫീസ്. ഖുറം നാചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവയുടെ മൈതാനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് ഈ ഫീസ്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ പ്രത്യേക പരിപാടികൾക്കായി രണ്ടു മുതൽ മൂന്ന് റിയാൽ വരെയാണ് ഫീസ്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഖുറം നാചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ തുടങ്ങിയ വേദികളിൽ നടക്കുന്ന പരിപാടികൾ ആസ്വദിക്കാൻ നിരവധി ആളുകളാണ് എത്തുന്നത്. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് പരിപാടികൾ നടക്കുക. വാരാന്ത്യങ്ങളിൽ ഖുറം നാചുറൽ പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ 12 മണിവരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. സാഹസിക വിനോദങ്ങൾ, ഫുഡ് കോർട്ടുകൾ, സാംസ്കാരിക പരിപാടികൾ, കുട്ടികളെ ആകർഷിക്കുന്ന ഇലക്ട്രിക് ഗെയിം ഷോ, ഡ്രോൺ, ലേസർ ഷോകൾ എന്നിവയെല്ലാം കാണികളുടെ മനം കവരുന്നതാണ്.
മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി
മസ്കത്ത്: കനത്ത മഴയുണ്ടാകുമെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ മസ്കത്ത് നൈറ്റ്സ് സന്ദർശകർക്ക് മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി. വാദികളിൽനിന്നും വാട്ടർ ക്രോസിങ്ങുകളിൽനിന്നും അകന്നുനിൽക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ വാഹനങ്ങൾ നിർത്തരുതെന്നും നിർദേശം നൽകി.വരിയിൽ നിൽക്കുന്നത് ഒഴിവാക്കാൻ muscatnightslinks.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതർ അറയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.