മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദ്യ വിലായത്തിൽ നടക്കുന്ന വിന്റർ ഫെസ്റ്റിവൽ കാണികളുടെ മനംകവരുന്നു. ഫെസ്റ്റിവൽ തുടങ്ങി ഒരാഴ്ചക്കകം 72,000 ആളുകളാണ് ഇവിടെ എത്തിയത്.
ബിദിയ പബ്ലിക് പാർക്കിൽ നടക്കുന്ന പരിപാടിക്ക് ഫെബ്രുവരി 10 നാണ് തിരശ്ശീല വീഴുക. വിവിധ പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഹെറിറ്റേജ് വില്ലേജാണ് പ്രധാന ആകർഷകം. ഒമാനി വിമൻസ് അസോസിയേഷൻ, കാർഷിക മേഖല, മരുഭൂമി ജീവിതം എന്നിങ്ങനെ മൂന്ന് പ്രധാന വശങ്ങൾ ഉൾക്കൊള്ളുന്നതാണിത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള ഉപഭോക്തൃ പ്രദർശനവും ഫെസ്റ്റിവലിലുണ്ട്. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള അതോറിറ്റിയുടെ പിന്തുണയോടെയാണ് ഉപഭോക്തൃ പ്രദർശനം. ഫുട്ബാൾ, വോളിബാൾ മത്സരങ്ങൾ, സാൻഡ് ചലഞ്ചസ്, ഡ്രോൺ റേസുകൾ തുടങ്ങിയവ സന്ദർശകരെ ആകർഷിക്കുന്നതാണ്.
കുട്ടികൾക്കും കുടുംബങ്ങൾക്കുമായി തിയേറ്റർ, ഇലക്ട്രിക് ഗെയിമുകൾ, മറ്റു വിനോദ പ്രവർത്തനങ്ങൾക്കുള്ള ‘ടോയ് വില്ലേജ്’ എന്നിവയും വാഗ്ധാനം ചെയ്യുന്നു. മറ്റൊരു പ്രധാന ആകർഷണമാണ് ഹെറിറ്റേജ് ഓഫ് വിലായത്ത് മത്സരം. വ്യത്യസ്ത വിലായത്തുകളിലെ ദൈനംദിന ജീവിതത്തിന്റെ വൈവിധ്യമാർന്ന സാമൂഹിക, വാണിജ്യ, മറ്റു വശങ്ങളാണ് ഇതിലൂടെ പ്രദർശിപ്പിക്കുന്നത്.
കുട്ടികളുടെ മത്സരങ്ങൾ, കവിത ആലാപന സെഷനുകൾ, വിവിധ ശാസ്ത്രീയവും വിനോദപരവുമായ പ്രകടനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക, വിനോദ പരിപാടികളുടെ കേന്ദ്രമാണ് ഓപ്പൺ തിയേറ്റർ. വാദി ബാനി ഖാലിദിലെ ട്രയാത്ത്ലോൺ ചലഞ്ച് റേസ്, സൈക്കിൾ റേസിങ്, മോട്ടോർസൈക്കിൾ ഷോകൾ, പാരാഗ്ലൈഡിങ് എന്നിവയും കാണികളെ ആകർഷിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.