മസ്കത്ത്: ഒമാൻ എണ്ണ വില വ്യാഴാഴ്ച ഒരു ബാരലിന് 80 ഡോളറിന് തൊട്ടടുത്തെത്തി. 79.69 ഡോളറായിരുന്നു വ്യാഴാഴ്ചത്തെ എണ്ണ വില. ബുധനാഴ്ചത്തെ എണ്ണ വിലയെക്കാൾ 2.72 ഡോളർ കൂടുതലാണിത്. ബുധനാഴ്ച ബാരലിന് 76.97 ഡോളറായിരുന്നു ഒമാൻ അസംസ്കൃത എണ്ണ വില. ഒമാൻ എണ്ണ വില ഈ മാസാദ്യം കുത്തനെ ഇടിയുകയായിരുന്നു. ജനുവരി മൂന്നിന് 82.26 ഡോളറായിരുന്ന ഒമാൻ എണ്ണവില.എന്നാൽ നാലിന് ഒറ്റ ദിവസം കൊണ്ട് 4.08 ഡോളർ ഇടിഞ്ഞ് ഒമാൻ ബാരലിന് 77.18 ഡോളറിലെത്തുകയായിരുന്നു. അഞ്ചിന് വീണ്ടും ഇടിഞ്ഞ് ഒമാൻ 75.18 എത്തുകയും ചെയ്തു. ഈ മാസം ആറ് മുതലാണ് എണ്ണ വില ഉയരാൻ തുടങ്ങിയത്.
ചൈന കോവിഡ് നിയന്ത്രണം പിൻവലിക്കുകയും രാജ്യം സാധാരണ ഗതിയിലേക്ക് നീങ്ങുകയും ചെയ്തതാണ് എണ്ണ വില ഉയരാൻ പ്രധാനകാരണം. ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. കഴിഞ്ഞ മൂന്ന് വർഷമായി ചൈനയിൽ ഗതാഗത നിയന്ത്രണങ്ങൾ നിലനിൽക്കുകയായിരുന്നു. റോഡ് ഗതാഗതം മുതൽ വിമാന സർവിസുകൾക്ക് വരെ നിയന്ത്രണമുണ്ടായത് എണ്ണയുടെ ഉപയോഗം വൻ തോതിൽ കുറയാൻ കാരണമായി. വിദേശത്ത് നിന്നെത്തുന്നവരുടെ ക്വാറന്റീൻ അടുത്തിടെയാണ് സർക്കാർ എടുത്തു മാറ്റിയത്. ഇതോടെ അന്താരാഷ്ട്ര വിമാന സർവിസുകളിലും ആഭ്യന്തര സർവിസുകളിലും വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം 17 വരെ ഈ രണ്ട് വിഭാഗങ്ങളിലെ വിമാന സർവിസുകളിലും വൻ തോതിൽ ബുക്കിങ്ങാണുള്ളത്. നിലവിൽ വിമാനത്തിന്റെ ഇന്ധനം മാത്രം ദിവസം 0.61 ദശലക്ഷം ബാരൽ എണ്ണ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡ് ഗതാഗതത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. നിലവിൽ റോഡുകളിൽ വാഹനങ്ങൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്. ഇത് കൂടുതൽ എണ്ണയുടെ ഉപഭോഗത്തിലേക്ക് രാജ്യത്തെ നയിക്കും. മുടങ്ങിക്കിടക്കുന്ന സേവനങ്ങൾ വീണ്ടും പഴയ രീതിയിലെത്തുന്നതോടെ എണ്ണയുടെ ഉപഭോഗം വീണ്ടും കുതിച്ചുയരും. ഇത് അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണ വില ഇനിയും ഉയരാൻ കാരണമാക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഒമാൻ എണ്ണ വിലയും വർധിക്കാൻ കാരണമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.