മസ്കത്ത്: പൂർണമായും സ്വകാര്യവത്കരണത്തിന് ഒരുങ്ങുന്ന എയർഇന്ത്യയിലോ അനുബന്ധ സ്ഥാപനങ്ങളിലോ നിക്ഷേപമിറക്കാൻ ഒമാൻ എയറിന് പദ്ധതിയില്ലെന്ന് സി.ഇ.ഒ പോൾ ഗ്രിഗറോവിച്ച്. എണ്ണവിലയിടിവ് മൂലം ഗൾഫ് സമ്പദ്വ്യവസ്ഥകളിൽ പ്രതികൂല സാഹചര്യമാണുള്ളത്. ഇൗ സാഹചര്യത്തിൽ മറ്റു ഗൾഫ് വിമാന കമ്പനികളിൽനിന്ന് മാറി വേറിട്ട പദ്ധതികളുമായി മുന്നോട്ടുപോകാനാണ് ഒമാൻ എയറിന് താൽപര്യം.
നിക്ഷേപമിറക്കുന്ന പക്ഷം പാരമ്പര്യവും പൈതൃകവും നോക്കിയല്ല, മറിച്ച് ലാഭമുള്ള എയർലൈനിെൻറ ഒാഹരികൾ വാങ്ങാനാണ് താൽപര്യപ്പെടുക. ഇന്ത്യയിലും മറ്റു ഏഷ്യൻ രാഷ്ട്രങ്ങളിലും യൂറോപ്പിലുമുള്ള എയർലൈനുകളിൽ ഗൾഫ് വിമാന കമ്പനികൾ കഴിഞ്ഞ കാലങ്ങളിൽ ഇറക്കിയ നിക്ഷേപം സാമ്പത്തികമായി വിജയിച്ചിട്ടില്ലെന്നും സി.ഇ.ഒ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒമാൻ എയർ ഇന്ത്യയിലേക്ക് സർവിസ് ആരംഭിച്ചിട്ട് 24 വർഷം പിന്നിടുന്നതിെൻറ ഭാഗമായ പരിപാടികൾക്കാണ് സി.ഇ.ഒ ഇന്ത്യയിലെത്തിയത്. ഒമാൻ എയറിെൻറ പ്രധാന എതിരാളികളിൽ ഒരാളായ യു.എ.ഇ ദേശീയ വിമാനക്കമ്പനി ഇത്തിഹാദിന് ജെറ്റ് എയർവേസിൽ നിക്ഷേപമുണ്ട്. എയർ ബർലിൻ, അലിറ്റാലിയ, എയർ സീഷെൽസ് എന്നിവയിലും ഇത്തിഹാദ് നിക്ഷേപമിറക്കിയിട്ടുണ്ട്. ഇത്തിഹാദിന് ചുവടുപിടിച്ച് ഒമാൻ എയറും ഇന്ത്യൻ വിമാന കമ്പനികളിൽ നിക്ഷേപമിറക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു.
തുറന്ന ആകാശനയം നടപ്പാക്കിയാൽ ഇന്ത്യൻ വിമാന കമ്പനിയിൽ നിക്ഷേപമിറക്കുന്നത് പരിഗണിക്കുമെന്ന് പോൾ ഗ്രിഗറോവിച്ച് കഴിഞ്ഞവർഷം അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യയിൽനിന്ന് അയ്യായിരം കിലോമീറ്റർ പരിധിയിലുള്ള രാഷ്ട്രങ്ങളിലേക്ക് തുറന്ന ആകാശനയം നടപ്പാക്കുമെന്ന നയത്തിൽ സർക്കാർ ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നതെന്നും പോൾ ഗ്രിഗറോവിച്ച് പറഞ്ഞു. ഇത് നിലവിൽവരുന്നതോടെ വിദേശ വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് യഥേഷ്ടം സര്‍വിസുകള്‍ നടത്താനാവും. വിമാനങ്ങൾ, സീറ്റുകള്‍ എന്നിവയുടെ കാര്യത്തില്‍ പരിമിതികള്‍ ഒന്നും ഉണ്ടാവുകയില്ല എന്നതിനാൽ യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം യാത്ര ചെയ്യാൻ കഴിയും. അയ്യായിരം കിലോമീറ്ററിന് മുകളിൽ ദൂരമുള്ള രാഷ്ട്രങ്ങളുമായി തുറന്ന ആകാശ നയം ഇന്ത്യ ഇതിനകം നടപ്പിൽ വരുത്തികഴിഞ്ഞു.
2020ഒാടെ അയ്യായിരം കിലോമീറ്റർ പരിധിയിലുള്ള രാജ്യങ്ങളിലേക്കുകൂടി തുറന്ന ആകാശനയം നടപ്പിൽവരുത്തുമെന്ന് ഇന്ത്യാ ഗവൺമെൻറ് അറിയിച്ചതായാണ് തനിക്ക് ഒമാനിൽനിന്ന് അറിയാൻ കഴിഞ്ഞതെന്നും സി.ഇ.ഒ പറഞ്ഞു. ഇൗ നയം നടപ്പിൽ വരുത്തുന്നത് വഴി ഒമാൻ എയറിനും ഇന്ത്യൻ കമ്പനികൾക്കും വിപുലമായ അവസരങ്ങൾ തുറന്നുകിട്ടും. ഇതിന് ശേഷം കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസ് ആരംഭിക്കാനും കൂടുതൽ വിമാനങ്ങൾ രംഗത്തിറക്കാനും ഒമാൻ എയറിന് പദ്ധതിയുണ്ട്. ‘തുറന്ന ആകാശ’ത്തിന് ഒപ്പം കൂടുതൽ വിമാനത്താവളങ്ങളും രാജ്യത്ത് സജ്ജമാക്കേണ്ടതുണ്ടെന്നും പോൾ ഗ്രിഗറോവിച്ച് പറഞ്ഞു. മസ്കത്തിൽനിന്ന് ഇന്ത്യയിലെ 11 നഗരങ്ങളിലേക്കാണ് ഒമാൻ എയർ ഇപ്പോൾ സർവിസ് നടത്തുന്നത്.
ഇരു രാഷ്ട്രങ്ങളും തമ്മിലെ പുതുക്കിയ വ്യോമഗതാഗത കരാർ പ്രകാരം ആഗസ്റ്റ് ഒന്നുമുതൽ പ്രതിവാര സർവിസുകൾ 161 ആയി ഉയരും. ഇൗ വർഷത്തെ വേനൽക്കാല ഷെഡ്യൂളിൽ 5067 സീറ്റുകളാണ് അധികമായി ഏർപ്പെടുത്തിയത്. പുതുക്കിയ ധാരണപ്രകാരം തണുപ്പുകാല സീസണിൽ 1821 അധിക സീറ്റുകൾ കൂടി ഏർപ്പെടുത്തും. ഇതോടെ, പ്രതിവാര സീറ്റുകളുടെ എണ്ണം 27,405 ആയി ഉയരും. ധാരണപ്രകാരം ഒമാനും ഇന്ത്യക്കുമിടയിൽ 28,000 പ്രതിവാര സീറ്റുകൾക്കാണ് അനുമതിയുള്ളതെന്നും ഗ്രിഗറോവിച്ച് പറഞ്ഞു. സർവിസുകൾ വർധിപ്പിച്ചെങ്കിലും വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വെല്ലുവിളിയാകുന്നുണ്ട്. മുംബൈയിലേക്കുള്ള സർവിസുകൾ ഉദാഹരണമാണ്. പ്രതിദിന സർവിസുകൾ മൂന്നായി ഉയർത്തിയെങ്കിലും ഇവിടെ ഒരു റൺവേ മാത്രമാണ് ഉള്ളതെന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
നിലവിൽ ഡ്രീംലൈനർ അടക്കം 47 വിമാനങ്ങളാണ് ഉള്ളത്. 2020ഒാടെ 70 വിമാനങ്ങളും 75 ഇടങ്ങളിലേക്ക് സർവിസും എന്നതായിരുന്നു ഒമാൻ എയറിെൻറ ലക്ഷ്യം. എന്നാൽ, നിലവിലെ സാമ്പത്തിക ഞെരുക്കത്തിെൻറ പശ്ചാത്തലത്തിൽ സാവധാനം വളർന്നാൽ മതിയെന്നാണ് കമ്പനി തീരുമാനം. അതിനാൽ, 70 വിമാനങ്ങളെന്ന ലക്ഷ്യം 2023ലേക്ക് മാറ്റിവെച്ചതായും പോൾ ഗ്രിഗറോവിച്ച് പറഞ്ഞു. ഇൗ വർഷം മുതൽ ഡൽഹി, കോഴിക്കോട്, ഹൈദരാബാദ് റൂട്ടുകളിലെ പ്രതിദിന സർവിസുകൾ മൂന്നായി ഉയർന്നു. മുംബൈയിലേക്കുള്ള മൂന്നാമത്തെ പ്രതിദിന സർവിസിനാണ് ആഗസ്റ്റ് ഒന്നിന് തുടക്കമാവുകയെന്നും സി.ഇ.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.