മസ്കത്ത്: സെപ്റ്റംബർ 12ന് നടക്കുന്ന നീറ്റ് പരീക്ഷക്ക് ഒമാനിലും കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രമന്ത്രി വി.മുരളീധരനും നിവേദനം നൽകി. കുവൈത്തിലും യു.എ.ഇയിലും സെന്ററുകൾ അനുവദിച്ച സാഹചര്യത്തിൽ ഒമാനിൽ നിന്നുള്ള അഞ്ഞൂറിൽ പരം പരീക്ഷാർഥികളുടെ കാര്യത്തിലും അനുഭാവപൂർണ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രവാസികൾ ഏറ്റവും കൂടുതലുള്ള രാഷ്ട്രങ്ങളിൽ നീറ്റ് പരീക്ഷകേന്ദ്രങ്ങൾ വേണമെന്നത് നേരത്തേയുള്ള ആവശ്യമാണ്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക - സാമൂഹിക പ്രശ്നങ്ങൾ മൂലം പ്രവാസികൾക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നാട്ടിലേക്കുള്ള സാധാരണ പോക്കുവരവുകൾ പോലും അനിശ്ചിതത്വത്തിൽ ആണെന്നിരിക്കെ പരീക്ഷക്കായി പോകാനും, തിരിച്ചുവരുവാനും ഒട്ടേറെ പ്രതിബന്ധങ്ങളുണ്ട്. ഈ അന്തരീക്ഷത്തിൽ നാട്ടിൽ പോയാൽ തിരിച്ചു വരാൻ പോലും പറ്റുമോ എന്ന ആശങ്കയാണ് പല രക്ഷിതാക്കൾക്കുള്ളത്.
രാജ്യത്ത് 21 ഇന്ത്യൻ സ്കൂളുകളുണ്ട്, കൂടാതെ 500 ൽ കൂടുതൽ നീറ്റ് പരീക്ഷാർഥികളുമുണ്ട്. ഗൾഫ് രാജ്യങ്ങളിലെ യാത്രവിലക്ക് ഉൾെപ്പടെ കാര്യങ്ങൾ അനന്തമായി നീളുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ ആത്മവിശ്വാസത്തോടെ, ജീവിതത്തിലെ നിർണായക പരീക്ഷയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ സഹായിക്കാൻ ഒമാനിൽ ഒരു പരീക്ഷകേന്ദ്രം അനുവദിക്കേണ്ടത് അത്യാവശ്യമാണെന്നും രക്ഷിതാക്കൾ പറഞ്ഞു.
കുവൈത്തിനും യു.എ.ഇക്കും നൽകിയ പരിഗണന ഒമാനും നൽകണം. ഒമാനിലെ പരീക്ഷാർഥികളുടെ ന്യായമായ ആവശ്യത്തിൽ കേന്ദ്രം അനുകൂല തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷയെന്നും രക്ഷിതാക്കൾ പറഞ്ഞു. നിലവിൽ മസ്കത്തിൽ എൻ.ടി.എ ചുമതലയിൽ ജെ.ഇ.ഇക്കായി ഒരു പരീക്ഷകേന്ദ്രം ഉണ്ട്. വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.
വിഷയം നിയമസഭയിലും, പാർലമെന്റിലും ഉന്നയിക്കാൻ അംഗങ്ങളെ സമീപിക്കുന്നതിനും ആലോചിക്കുന്നുണ്ട്. രക്ഷിതാക്കളായ എം.ടി ഷാജി, പ്രദീപ്, മുഷ്താഖ്, നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന മാളവിക ഷാജി, കെവിൻ സാമുവൽ, ഇഷ്ഹാക് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.