മസ്കത്ത്: സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ (സി.ബി.ഒ) പുതിയ ഗവർണറായി അഹമ്മദ് അൽ മുസൽമിയെ സുൽത്താൻ ഹൈതം ബിൻ താരിഖ് നിയമിച്ചു. ഇതുസംബന്ധിച്ച് സുൽത്താൻ കഴിഞ്ഞ ദിവസമാണ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. ബാങ്കിങ് വ്യവസായത്തിൽ രണ്ടു പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയവുമായാണ് മുസൽമി സി.ബി.ഒയുടെ തലപ്പത്തേക്ക് വരുന്നത്.
2018 മേയ് മുതൽ സുഹാർ ഇന്റർനാഷണൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ബിസിനസ് വീക്ഷണവും ആളുകളുടെ കഴിവുകളും സമന്വയിപ്പിച്ച് ബാങ്കിനെ പരിവർത്തിപ്പിക്കുന്നതിൽ സുപ്രധാന പങ്കാണ് വഹിച്ചത്. മൊത്തവ്യാപാര ബാങ്കിങ്, ക്യാപിറ്റൽ മാർക്കറ്റ്സ്, റീട്ടെയിൽ ബാങ്കിങ്, വെൽത്ത് മാനേജ്മെന്റ്, ട്രേഡ് ഫിനാൻസ്, റിസ്ക് മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ്, ഇൻഫർമേഷൻ ടെക്നോളജി, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ് ആൻഡ് സ്ട്രാറ്റജി ഡെവലപ്മെന്റ് ആൻഡ് ബിസിനസ് പ്ലാനിങ് എന്നിവ ഉൾപ്പെടെ വിപുലമായ പ്രവർത്തന വൈദഗ്ധ്യവും ഇദേഹത്തിനുണ്ട്.
സുഹാർ ഇന്റർനാഷണലിൽ പ്രവർത്തിക്കുന്നതിന് മുമ്പ് അൽ മുസൽമി നാഷനൽ ബാങ്ക് ഓഫ് ഒമാന്റെ സി.ഇ.ഒ ആയും സേവനമുനഷ്ഠിച്ചിരുന്നു.
ഹാർവാർഡ് ബിസിനസ് സ്കൂളിൽനിന്ന് ബിരുദം കരസ്ഥമാക്കിയ മുസൽമി, യു.കെയിലെ ബെഡ്ഫോർഡ്ഷെയർ യൂനിവേഴ്സിറ്റിയിൽനിന്നാണ് എം.ബി.എ നേടിയത്.
അമേരിക്കൻ അക്കാദമി ഓഫ് ഫിനാൻഷ്യൽ മാനേജ്മെന്റ് ഫെല്ലോ ആയ അദ്ദേഹം ഐ.എം.ഡി-സ്വിറ്റ്സർലൻഡ്, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസ്-യു.എസ്.എ എന്നിവയുൾപ്പെടെ നിരവധി വിപുലമായ പ്രോഗ്രാമുകളുടെയും ഭാഗമായിട്ടുണ്ട്.
സയ്യിദ് തൈമൂർ ബിൻ അസദ് ബിൻ താരിഖ് അൽ സഈദിനെ സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാനായും നിയമിച്ചു. ഡയറക്ടർ ബോർഡിൽ സാമ്പത്തിക മന്ത്രി (ഡെപ്യൂട്ടി ചെയർമാൻ), ഒമാൻ സെൻട്രൽ ബാങ്ക് ഗവർണർ, ധനമന്ത്രാലയം അണ്ടർ സെക്രട്ടറി, ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി ചെയർമാൻ റവാൻ ബിൻത് അഹമ്മദ് ബിൻ താബിത് അൽ ബുസൈദി, ഡോ. സഈദ് ബിൻ മുബാറക് ബിൻ സഈദ് അൽ മുഹറമി, ഡോ. ഖൽഫാൻ ബിൻ മുഹമ്മദ് ബിൻ ഖാലിദ് അൽ ബർവാനി, ഡോ. ജമീൽ ബിൻ ദാർവിഷ് ബിൻ ജമീൽ അൽ ഷാക്സി എന്നിവരാണ് ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.