മസ്കത്ത്: ഇത്തിഹാദ് സാറ്റ് റഡാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിക്കാൻ സാധിച്ചതിന് യു.എ.ഇയെ ഒമാൻ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എം.ടി.സി.ഐ.ടി) അഭിനന്ദിച്ചു.മേഖലയിലെ ബഹിരാകാശ പര്യവേക്ഷണ ശ്രമങ്ങളിലെ സുപ്രധാന കുതിച്ചുചാട്ടമായി ഈ നേട്ടത്തെ മന്ത്രാലയം പ്രശംസിച്ചു.
ഇത്തിഹാദ്-സാറ്റ് ഉപഗ്രഹം വിക്ഷേപിക്കുന്നതിൽ മികച്ച വിജയം നേടിയ യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ സഹോദരങ്ങളെ അഭിനന്ദിക്കുകയാണെന്നും അവർക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ആശംസയും നേരുകയാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. യു.എ.ഇ സമയം ശനിയാഴ്ച രാവിലെ 10.43ന് യു.എസിലെ കാലിഫോർണിയ വാൻഡൻബർഗ് സ്പേസ് ബേസിൽനിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് റഡാർ സാറ്റലൈറ്റ് വിക്ഷേപിച്ചത്. യു.എ.ഇയുടെ നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖലക്ക് കരുത്ത് പകരുന്നതാണ് ഇത്തിഹാദ് സാറ്റ്. 220കി.ഗ്രാം തൂക്കമുള്ള സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്.എ.ആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഈ കൃത്രിമോപഗ്രഹം. എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം.
ആഗോള ബഹിരാകാശ സമൂഹവുമായി ചേർന്ന് ഏറ്റവും പുതിയ ബഹിരാകാശ സാങ്കേതികവിദ്യ വികസിപ്പിക്കാനും നിയന്ത്രിക്കാനുമുള്ള യു.എ.ഇയുടെ കഴിവിനെ ഇത്തിഹാദ് സാറ്ററിന്റെ വിക്ഷേപണവിജയം അടയാളപ്പെടുത്തുന്നുവെന്ന് എം.ബി.ആർ.എസ്.സി ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.