ഒരു നോമ്പുകാലം കൂടിയെത്തിയിരിക്കുന്നു, പ്രവാസിയായതിനുശേഷം ഒരുപാട് നോമ്പുതുറകളിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് . ഓരോ റമദാനും പ്രതീക്ഷയുടേത് മാത്രമല്ല അറ്റമില്ലാത്ത ഓര്മകളുടേത് കൂടിയാണ്. ഓര്മവെച്ച നാള് മുതലുള്ള എത്രമാത്രം അനുഭവങ്ങളാണ് ഓരോ റമദാനിനോടും കെട്ടിപ്പിണഞ്ഞു കിടക്കുന്നത്. ചെറുപ്പത്തിൽ പ്രിയകൂട്ടുകാരൻ റാഫിയുടെ വീട്ടിൽനിന്നും തരിക്കഞ്ഞിയും, ജീരക കഞ്ഞിയും മറ്റു പലഹാരങ്ങളും ഞങ്ങൾ കുട്ടികൾക്കുള്ളത് ഐഷുമ്മ കരുതിവെക്കാറുണ്ട്. അന്നൊന്നും നോമ്പിന്റെ പ്രാധാന്യമോ ഒന്നും എനിക്കറിയില്ലായിരുന്നു. നോമ്പിന്റെ ബാലപാഠങ്ങൾ കണ്ടുമനസ്സിലാക്കിയത് കൂട്ടുകാരൻ റാഫിയിൽനിന്നുമാണ്. ആത്മനിഷ്ഠ നിറഞ്ഞ പ്രാർഥനയായ നോമ്പിന്റെ പരിസമാപ്തിയാണല്ലോ നോമ്പുതുറ. അത് എല്ലാവരും കൂടിയിരുന്ന ഒത്തുചേരലിന്റെ ഒരു സന്തോഷവുമുണ്ടാക്കിയിരുന്നു .
ഞങ്ങൾ കൂട്ടുകാർ പാടത്തുകളിച്ച ക്ഷീണം തീർക്കാൻ ആയിഷുമ്മാടെയടുത്തുപോയി കുടിക്കാൻ വെള്ളം ചോദിക്കും. ഉമ്മ ഞങ്ങൾക്കെല്ലാർക്കും വെള്ളവും പഴങ്ങളും തരുമായിരുന്നു. വീട്ടിലെത്തുമ്പോൾ അതറിഞ്ഞ അമ്മ പറയാറ്. അവരൊക്കെ നോമ്പെടുക്കുന്നവരാ.... നിങ്ങൾ അവരെ ഇങ്ങനെ ബുദ്ധിമുട്ടിക്കല്ലേയെന്ന്. ഉമ്മക്ക് ഞങ്ങൾ കുട്ടികൾ ഒരിക്കലും ബുദ്ധിമുട്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങളുടെ കുട്ടിക്കാലത്തെ ദാഹശമനിയായിരുന്നു ആയിഷുമ്മ. അവിടെ നിന്നും അവർ താമസം മാറിയിട്ടും നാട്ടിൽ ചെല്ലുമ്പോൾ എപ്പോഴും ഉമ്മയെ കാണാൻ സമയം കണ്ടെത്താറുണ്ട് . ഇപ്രാവശ്യം തരിക്കഞ്ഞിയുടെ മധുരം നുകരാൻ സാധിച്ചത് ഞങ്ങളുടെ ഫ്ലാറ്റിലെ അഷീഫും സലീനയുടേം ഒന്നാം നോമ്പിൽ നൽകിയ നോമ്പുതുറ വിഭവങ്ങളിലൂടെയാണ് . അതോടെപ്പംതന്നെ കോളജിലെ കൂട്ടുകാരുമൊത്ത് ദുബൈയിൽ നോമ്പുതുറയിൽ പങ്കെടുക്കാനും ഈ വർഷം സാധിച്ചു. സ്നേഹ സഹവർത്തിത്വത്തിന്റെ ഒത്തുചേരൽ കൂടിയാണ് റമദാൻ.
നാട്ടിൽനിന്ന് മസ്കത്തിലെ ഒരു ഉൾഗ്രാമത്തിലേക്കാണ് എന്നെ പറിച്ചുനട്ടത്. ഞങ്ങളുടെ ഗ്രാമവും അവിടത്തെ ഉത്സവങ്ങളും പെരുന്നാളും ഓർമകളിൽ മാത്രമായി കഴിഞ്ഞു കൂടിയത് നാലു വർഷങ്ങൾ. ആരുമായും അധികം ബന്ധമില്ലാത്ത ആ കാലത്തിന് അറുതിവന്നത് ജോലി മസ്കത്തിലേക്ക് മാറിയപ്പോയാണ് കൂടുതൽ ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കാൻ സാധിച്ചത്. ഒരോ സംഗമങ്ങളും ജാതി മതഭേദമന്യ പരസ്പരം പങ്കിട്ടുന്ന നിമിഷങ്ങൾ തന്നെയായിരുന്നു. അത്തരം സദസ്സുകൾ കാണുന്നത് തന്നെ മനസ്സിന് തരുന്ന ആനന്ദം അവർണനീയമാണ്. ഓരോ നോമ്പുകാലവും മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിച്ചുവെച്ച എന്റെ ഗ്രാമത്തിലെ ഓർമകളിലേക്ക് എന്നെ തിരിച്ചുകൊണ്ടുപോകാറുണ്ട്.
സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി മനുഷ്യരെ മതവർഗീയ വൈരമൂട്ടി തമ്മിലടിപ്പിക്കുന്ന ദുഷ്ടശക്തികളേ.. നിങ്ങൾക്കറിയുമോ ... എരുമേലിയിൽ വാവർപള്ളിയിൽ പേട്ട തുള്ളി, ശബരിമലയിൽ പോയി മടങ്ങി അർത്തുങ്കൽ പള്ളിയിൽ മാലയൂരുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം.
നമ്മൾ ഒന്നാണ്. ഈസ്റ്ററും റമദാനും, വിഷുവും, എല്ലാവരും കൂടി ആഘോഷിക്കുന്ന നമ്മുടെ നാട് നൽകുന്ന മാനവികത തന്നെയാണ് നമ്മുടെ അഭിമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.