മസ്കത്ത്: അസംസ്കൃത വസ്തുക്കളുടെയും സ്റ്റീൽ ഉൽപന്നങ്ങളുടെയും ചരക്ക് ഗതാഗതത്തിന് ഒമാൻ-യു.എ.ഇ റെയിൽ നിർമാണ കമ്പനിയായ ഒമാൻ ഇത്തിഹാദും അൽ ജസീറ സ്റ്റീൽ പ്രൊഡക്റ്റ് കമ്പനിയും ധാരണപത്രം ഒപ്പുവെച്ചു. ഒമാനിലെ ഫാക്ടറികളിൽനിന്ന് പുറത്തേക്കും ഒമാനിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനാണ് ധാരണയായത്. റെയിൽവേക്ക് വേണ്ടി മുഹമ്മദ് അൽ മഹ്റൂഖിയും അൽ ജസീറ സ്റ്റീലിനുവേണ്ടി വെങ്കട്ടുമാണ് ധാരണയിൽ ഒപ്പിട്ടത്.
ഒമാനും യു.എ.ഇയും തമ്മിലെ ഗതാഗത, ചരക്ക് ഗതാഗത മേഖലയിൽ സുപ്രധാന കാൽവെപ്പാവാൻ ഈ കരാറിനു കഴിയും. കുറഞ്ഞ നിരക്കിൽ ചരക്കുകൾ നീക്കാനും അന്തരീക്ഷത്തിൽ കാർബൺ മാലിന്യം കുറക്കാനും പദ്ധതിക്കു കഴിയും. ഭാവിയിൽ കാർബൺ മാലിന്യ രഹിത ചരക്ക് ഗതാഗത പദ്ധതിയായി ഇതു മാറും. പദ്ധതി നിലവിൽ വരുന്നതോടെ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന ട്രക്കുകൾ വഴിയുള്ള ചരക്ക് നീക്കം കുറക്കാനും വിദേശ നിക്ഷേപകരെ വൻതോതിൽ ആകർഷിക്കാനും കഴിയും.
പദ്ധതി പൂർണമായി നടപ്പാവുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗത സമയം ഗണ്യമായി കുറയും. പ്രതികൂല കാലാവസ്ഥ, ഗതാഗത കുരുക്ക് തുടങ്ങിയ കാരണങ്ങളാൽ ചരക്ക് നീക്കം വൈകുന്നതും ഒഴിവാകും. ഒാരോ ട്രെയിനിനും 15,000 ടൺ ചരക്കുകൾ എത്തിക്കാനാവും. ഒമാനിലെയും യു.എ.ഇയിലെയും അഞ്ച് പ്രധാന തുറമുഖങ്ങളിലേക്കും 15 അനുബന്ധ കേന്ദ്രങ്ങളിലേക്കുമായിരിക്കും ചരക്കുകൾ എത്തിക്കുക. റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ഒമാൻ ഇത്തിഹാദ് റെയിൽ അടുത്തിടെ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.