മസ്കത്ത്: ഇസ്രായേൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്കും നാശനഷ്ടം സംഭവിച്ചവർക്കും നഷ്ടപരിഹാരം നൽകണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. ഫലസ്തീൻ ജനത നേരിടുന്ന വേദനജനകമായ മാനുഷിക പ്രതിസന്ധിയുടെ ദുരിതം കുറക്കാൻ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. സി.എൻ.എൻ ചാനലിലെ ‘കണക്ടിങ് ദ വേൾഡ് വിത്ത് ബെക്കി ആൻഡേഴ്സൻ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സയ്യിദ് ബദർ. കഴിഞ്ഞ ഒക്ടോബർ മുതൽ ഇതുവരെ 30,000ത്തിലധികം പേർ കൊല്ലപ്പെട്ടു. ഗസ്സ മുനമ്പ് പട്ടിണിയിലാണ്. പ്രകൃതി ദുരന്തമോ രോഗമോ അല്ല ഇതിന് കാരണം. ഗസ്സയിലെ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നിഷേധിച്ച ഇസ്രായേൽ പ്രതിരോധസേനയാണ് ഇതെല്ലാം ചെയ്യുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനമാണ് ഇസ്രായേൽ ഭരണകൂടം ചെയ്യുന്നത്. അത്തരം വസ്തുതകൾ ഉയർത്തിക്കാട്ടാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ലെന്നും ബദർ പറഞ്ഞു.
നിരപരാധികളുടെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ലോകം നഷ്ടപരിഹാരം ആവശ്യപ്പെടണം. റഫയിലേക്ക് ആക്രമണം വ്യാപിപ്പിക്കരുതെന്നാണ് യു.എസ് പ്രസിഡൻറ് ബൈഡനും ലോകം മുഴുവനും ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. വെടിനിർത്തലിനുള്ള യു.എസ്. വൈസ് പ്രസിഡൻറ് ഹാരിസന്റെ ആഹ്വാനത്തിനൊപ്പമാണ് ഞാൻ. ഇത് കരയിലൂടെ സഹായം എത്തിക്കാൻ സാധിക്കും. ഇസ്രായേലിന്റെ ശേഷിക്കുന്ന ബന്ദികളെ സമാധാനപരമായി മോചിപ്പിക്കാനും കഴിയും.
ഗസ്സയിലെ ജനങ്ങൾക്ക് വെള്ളം, ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിങ്ങനെയുള്ള സഹായം ലഭ്യമാക്കുന്നതിന് ഏക മാർഗം വെടിനിർത്തൽ കരാറിലേർപ്പെടുകയാണെന്ന് ഞാൻ കരുതുന്നു. കാരണം കരമാർഗങ്ങളിലൂടെ, മാത്രമേ മതിയായ അളവിൽ സഹായം എത്തിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേ ഹം പറഞ്ഞു. ഇസ്രായേൽ ആയുധ നിർമാതാക്കളെ സഹായിക്കുകയും ഗസ്സക്കാരെ മനപ്പൂർവ്വം പട്ടിണിയിലാക്കുകയും ചെയ്യുന്നുണ്ടോ എന്നതിനെക്കുറിച്ച് ‘അതേ’ എന്നാായിരുന്നു സയ്യിദ് ബദറിന്റെ മറുപടി. ഞാൻ മാത്രമല്ല, മുഴുവൻ അന്താരാഷ്ട്ര സമൂഹവും യു.എൻ ഏജൻസികളും ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിടുന്നതിനും ഉപരോധിക്കുന്നതിനുമുള്ള ബോധപൂർവമായ നയത്തിന് സാക്ഷ്യം വഹിക്കുകയാണ്. ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ സമാധാനം കൈവരിക്കാൻ ദ്വിരാഷ്ട്ര പരിഹാരം സ്വീകരിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.