മസ്കത്ത്: വിവിധ മേഖലകളിൽ സഹകരണ വശങ്ങൾ തേടി ചിൽഡ്രൻസ് പബ്ലിക് ലൈബ്രറിയും റഷ്യൻ സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറിയും കരാറിൽ ഒപ്പുവെച്ചു. സംയുക്ത എക്സിബിഷനുകൾ, കോൺഫറൻസുകൾ, ഇവന്റുകൾ എന്നിവ സംഘടിപ്പിക്കുന്നതും ജീവനക്കാർക്കിടയിൽ വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതും കുട്ടികളുടെ ഗവേഷണത്തിൽ സഹകരിക്കുന്നതും കരാറിൽ വരുന്നുണ്ട്. കുട്ടികളുടെ പബ്ലിക് ലൈബ്രറിക്ക് വേണ്ടിയുള്ള ആദ്യ അന്താരാഷ്ട്ര സഹകരണ കരാറാണിത്.
ഒമാനെ പ്രതിനിധാനം ചെയ്ത് സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ ഇൻറർനാഷനൽ കോഓപറേഷൻ അസിസ്റ്റൻറ് വൈസ് ചാൻസലറും ചിൽഡ്രൻസ് പബ്ലിക് ലൈബ്രറി ഡയറക്ടർ ബോർഡ് ചെയർമാനുമായ സയ്യിദ ഡോ. മോന ബിൻത് ഫഹദ് അൽ സഈദും റഷ്യയുടെ ഭാഗത്തുനിന്ന് സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറി ഡയറക്ടർ മരിയ വെഡെനിയപിനയുമാണ് കരാറിൽ ഒപ്പിട്ടത്.
മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ ബിൻ ഹസൻ അൽ മൂസാവി, റഷ്യയിലെ ഒമാൻ അംബാസഡർ ഹമൂദ് ബിൻ സലിം അൽ തൊവൈയ്യ, വിദേശകാര്യ മന്ത്രാലയത്തിലെ സാംസ്കാരിക സഹകരണ വിഭാഗം മേധാവി അബ്ദുല്ല ബിൻ ഹമദ് അൽ റിയാമി എന്നിവർ സംബന്ധിച്ചു.
സംയുക്ത പ്രദർശനങ്ങൾ, കോൺഫറൻസുകൾ, ഇവൻറുകൾ എന്നിവ സംഘടിപ്പിക്കുന്നതും കുട്ടികൾക്കുള്ള വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളും കരാറിൽ ഉൾപ്പെടുന്നു. ജീവനക്കാർക്കിടയിൽ വൈദഗ്ധ്യം കൈമാറ്റം ചെയ്യുക, കുട്ടികളുടെ ഗവേഷണത്തിൽ സഹകരിക്കുക, ലൈബ്രറികളിൽ ഉപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് ലൈബ്രറി ജീവനക്കാർക്ക് പരിശീലനം നൽകുക എന്നിവയും ഇതിന്റെ ഭാഗമമായി വരും.
അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനും പരസ്പരം താൽപര്യമുള്ള മേഖലകളിൽ സഹകരണത്തിന്റെ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ലൈബ്രറിയുടെ പദ്ധതികളുടെ ഭാഗമാണ് ഈ സംരംഭം. 1969ൽ മോസ്കോയിലാണ് റഷ്യൻ സ്റ്റേറ്റ് ചിൽഡ്രൻസ് ലൈബ്രറി സ്ഥാപിച്ചത്.
റഷ്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ലൈബ്രറികളിൽ ഒന്നാണിത്. കുട്ടികൾക്കും യുവജനങ്ങൾക്കുമായി വിപുലമായ പുസ്തകങ്ങളും മാസികകളും മൾട്ടിമീഡിയയും ഇവിടെ ലഭ്യമാണ്. ലൈബ്രറിയിൽ ഏകദേശം 5,60,000 പുസ്തകങ്ങൾ ഉണ്ട്. വായനയിലും പഠനത്തിലും ഇഷ്ടം വളർത്തുന്നതിനായി ഇവന്റുകളും വർക്ക്ഷോപ്പുകളും സംഘടിപ്പിക്കുന്നു. പ്രതിവർഷം 45,000 സന്ദർശകരാണ് ലൈബ്രറിയിൽ എത്താറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.