മസ്കത്ത്: ഒമാൻ ഫുട്ബാൾ ടീമിന്റെ സ്പെയിനിലെ പരിശീലനം പുരോഗമിക്കുന്നു. ക്യാമ്പ് തുടങ്ങി ഒരാഴ്ച കഴിയുമ്പോൾ ആറു പരിശീലന സെഷനുകളാണ് പൂർത്തിയാക്കിയത്. കോച്ച് ജറോസ്ലാവ് സിൽഹവിയും അദ്ദേഹത്തിന്റെ സ്റ്റാഫും ഫിറ്റ്നസിന് പ്രാഥമിക ഊന്നൽ നൽകിയാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. ഇനി സാങ്കേതിക മികവിലൂന്നിയ പരിശീലനങ്ങൾക്കാകും പ്രാധാന്യം നൽകുക.
തിങ്കളാഴ്ച അവധി നൽകിയതിനുശേഷം കഴിഞ്ഞ ദിവസമാണ് പരിശീലനം പുനരാരംഭിച്ചത്. ട്രൂ ബാങ്കോക്ക് യുനൈറ്റഡ് എഫ്.സിയിൽ ചേരുന്നതിനായി ഒമാൻ സ്ട്രൈക്കർ മുഹ്സിൻ അൽ ഗസാനി ക്യാമ്പിൽനിന്ന് പോയിട്ടുണ്ട്. അടുത്ത സീസണിലേക്ക് തായ് ക്ലബുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിന്റെ പരിശീലന സെഷനിൽ ചേരാനാണ് മുഹ്സിൻ തായ്ലൻഡിലേക്ക് തിരിച്ചത്.
സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ട് മത്സരങ്ങളുടെയും ഡിസംബറിലെ അറേബ്യൻ ഗൾഫ് കപ്പിനുമുള്ള പ്രധാന മുന്നൊരുക്കമാണ് ടീമിന്റെ വിദേശ ക്യാമ്പ്. വമ്പൻ പോരാട്ടങ്ങൾക്കിറങ്ങുന്നതിന് മുന്നോടിയായി ടീമിന് മികച്ച പരിശീലനം നൽകി ശക്തിപ്പെടുത്താനാണ് കോച്ച് ജറോസ്ലാവ് സിൽഹവി വിദേശ പരിശീലന ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഗ്രൂപ് ബിയിൽ ശക്തരായ ദക്ഷിണ കൊറിയ, ഇറാഖ്, ജോർഡൻ എന്നിവരോടൊപ്പമാണ് ഒമാൻ ഇടം നേടിയിരിക്കുന്നത്. കുവൈത്ത്, ഫലസ്തീൻ എന്നിവരാണ് ഗ്രൂപ്പിൽ വരുന്ന മറ്റു ടീമുകൾ. ഒമാന് നേരിട്ടുള്ള യോഗ്യത നേടുകയെന്നത് അൽപം പ്രയാസമുള്ള കാര്യമായിരിക്കും.
കൊറിയ, ഇറാഖ്, ജോർഡൻ എന്നീ ടീമുകൾ ശക്തമായ വെല്ലുവിളിയായിരിക്കും റെഡ് വാരിയേഴ്സിന് ഉയർത്തുക. കൂടാതെ കുവൈത്തും ഫലസ്തീനും തങ്ങളുടേതായ ദിനത്തിൽ ആരെയും അട്ടിമറിക്കാൻ കെൽപ്പുള്ള ടീമുകളുമാണ്. സെപ്റ്റംബർ മുതൽ 2025 നവംബർ വരെയാണ് മൂന്നാം റൗണ്ട് യോഗ്യത മത്സരങ്ങൾ നടക്കുക.
ഒമാന്റെ ആദ്യമത്സരം സെപ്റ്റംബർ അഞ്ചിന് ഇറാഖിനെതിരെയാണ്. പത്തിന് ദക്ഷിണ കൊറിയയെയും നേരിടും. ഒക്ടോബർ പത്തിന് കുവൈത്തുമായും 15ന് ജോർഡനുമായും മാറ്റുരക്കും.
നവംബർ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് മറ്റ് മത്സരങ്ങൾ. ശേഷിക്കുന്ന മത്സരങ്ങൾ 2025ലാണ് നടക്കുക. മാർച്ച് 20ന് കൊറിയയുമായും 25ന് കുവൈത്തുമായും ഏറ്റുമുട്ടും. ജൂൺ അഞ്ചിന് ജോർഡനുമായും 10ന് ഫലസ്തീനുമായും മാറ്റുരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.