മസ്കത്ത്: സുൽത്താനേറ്റിന്റെ 52ാം ദേശീയ ദിനത്തിനായി രാജ്യം ഒരുങ്ങുന്നു. രണ്ടുവർഷക്കാലത്തെ കോവിഡ് ഭീതിക്ക് ശേഷമുള്ള ആദ്യത്തെ ദേശീയ ദിനമായതിനാൽ ആഘോഷങ്ങൾക്ക് പൊലിമ വർധിക്കും. കഴിഞ്ഞ വർഷം ദേശീയ ദിനാഘോഷങ്ങൾ നടന്നിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി നിലവിലുണ്ടായിരുന്നു. കഴിഞ്ഞ വർഷം പ്രധാന ഹൈവേക്ക് ഇരുവശവും റോയൽ ഒപേര ഹൗസിന് സമീപവുമൊക്കെ മനോഹരമായി ദീപാലങ്കാരം നടത്തിയിരുന്നു. ഈ വർഷവും ആഘോഷ പരിപാടികൾ കേമമാവും. ഇതിന്റെ ഭാഗമായി റോഡുകളിൽ ഒമാന്റെ ത്രിവർണ പതാക പാറിക്കളിക്കാൻ തുടങ്ങിയിട്ടുണ്ട്. നവംബർ 18നാണ് ദേശീയ ദിനാഘോഷം.
മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. ആഘോഷത്തിന്റെ ഭാഗാമയി നാടും നഗരവും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിക്കൽ സാധാരണമാണ്. ഒമാനിലെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും അലങ്കരിക്കുന്നതോടെ രാജ്യം ഉത്സവ അന്തരീക്ഷത്തിലേക്ക് നീങ്ങും. റാലികളും നടക്കാറുണ്ട്. കുട്ടികൾ വെള്ളയും ചുവപ്പും പച്ചയും നിറഞ്ഞ വസ്ത്രങ്ങളിഞ്ഞ് സന്തോഷം പങ്കുവെക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖാണ് പരേഡിൽ സല്യൂട്ട് സ്വീകരിക്കുക. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടക്കും. നിസ്വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തം അടക്കമുള്ള കലാപരിപാടികളും അരങ്ങേറും. ദേശീയ ദിനത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കൽ സാധാരണമാണ്. മുൻകാലങ്ങളിൽ സ്വദേശികളും വിദേശികളും വ്യാപകമായി വാഹനങ്ങൾ അലങ്കരിക്കാറുണ്ടായിരുന്നു. എന്നാൽ, കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടുവർഷങ്ങളിൽ വാഹന അലങ്കാരം കുറവായിരുന്നു. പഴയ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെയും പുതിയ ഭരണാധികാരി സുൽത്താൻ ഹൈതമിന്റെറയും ചിത്രങ്ങളും രാജ്യത്തിന്റെ ദേശീയപതാകയും ദേശീയ ചിഹ്നങ്ങളും കൊണ്ടാണ് വാഹനങ്ങൾ അലങ്കരിക്കുന്നത്.
നിരവധി അലങ്കാര വസ്തുക്കൾ വിപണിയിൽ ഇറങ്ങാറുണ്ട്. തൊപ്പി, ഷാളുകൾ, ടീ ഷർട്ടുകൾ, കൊടികൾ, കീചെയിനുകൾ, പേനകൾ, വിവിധതരം സ്റ്റിക്കറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മുൻകാലങ്ങളിൽ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മത്ര അടക്കമുള്ള പ്രധാന സൂഖുകളിൽ വൻ തിരക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ദുബൈയിൽനിന്നും മറ്റും അലങ്കാര ഉൽപന്നങ്ങൾ എത്തിച്ചാണ് ഇവർ വ്യാപാരം നടത്തുന്നത്. ഈ വർഷത്തെ ശരിയായ ചിത്രം നിലവിൽ വന്നിട്ടില്ല. എങ്കിലും വ്യാപാരികളിൽ പലരും നല്ല ദേശീയദിന കച്ചവടമാണ് പ്രതീക്ഷിക്കുന്നത്.
ഒമാൻ: ഒമാൻ 52ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് ഇൻഫർമേഷൻ മന്ത്രാലയം പുറത്തിറക്കിയ ലോഗോയിലുള്ളത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടു വർഷവും വിപുലമായ ആഘോഷ പരിപാടികൾ നടന്നിരുന്നില്ല. എന്നാൽ, ഇത്തവണ ദേശീയദിനം കൂടുതൽ പൊലിമയോടെ ആഘോഷിക്കുമെന്നാണ് കരുതുന്നത്. നവംബർ 18നാണ് രാജ്യത്ത് ദേശീയ ദിനാഘോഷം നടക്കുക.
മസ്കത്ത്: വാണിജ്യ ഉൽപന്നങ്ങളിൽ ദേശീയ ചിഹ്നങ്ങൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ.
ദേശീയ ദിനാഘോഷ പശ്ചാത്തലത്തിലാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രമോഷൻ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങൾ, വാണിജ്യ കമ്പനികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, വിവിധ വാണിജ്യ ഉൽപന്നങ്ങൾ എന്നിവയിൽ രാജകീയ മുദ്രകൾ ഉപയോഗിക്കാൻ ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഇത്തരത്തിലുള്ള ലൈസൻസ് മന്ത്രാലയത്തിൽനിന്ന് നേടാം. അനുമതിയില്ലാതെ രാജ്യത്തിന്റെ പതാകയും ഭൂപടവും ഉപയോഗിച്ചാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.