മസ്കത്ത്: തന്ത്രപ്രധാനമേഖലകളിലെ വ്യാപാരവും നിക്ഷേപവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് ഒമാനും യു.എസ്.എയും. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് ഡയലോഗിന്റെ ഉദ്ഘാടന സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു ഇക്കാര്യം പറഞ്ഞത്. ഒമാനും യു.എസ്.എയും തമ്മിൽ വാണിജ്യബന്ധം സ്ഥാപിച്ച അമിറ്റി ആൻഡ് കോമേഴ്സ് ഉടമ്പടി ഒപ്പുവെച്ചതിന്റെ 190 വർഷത്തെ വാർഷികത്തോടനുബന്ധിച്ചായിരുന്നു ആദ്യത്തെ തന്ത്രപരമായ സംഭാഷണമെന്ന് സംയുക്ത പ്രസ്താവനയിൽ ഇരുപക്ഷവും ചൂണ്ടിക്കാട്ടി. ഒരു അറബ് രാജ്യവുമായി അമേരിക്ക ഒപ്പുവെച്ച ആദ്യത്തെ വ്യാപാരക്കരാറായിരുന്നു അത്.
വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ എക്സ്പോർട്ട്-ഇംപോർട്ട് ബാങ്കുമായി (എക്സിം) ധനമന്ത്രാലയം 192 ദശലക്ഷം റിയാലിന്റെ കരാറിലും എത്തിയിട്ടുണ്ട്. പുനരുപയോഗ ഊർജം മുതൽ ഉൽപാദനം വരെയുള്ള ഒമാന്റെ സമ്പദ്വ്യവസ്ഥയുടെ തന്ത്രപ്രധാന മേഖലകളിൽ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കാൻ ധാരണപത്രം ലക്ഷ്യമിടുന്നു. ധനകാര്യമന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല സലിം അൽ ഹാർത്തിയും എക്സിം പ്രസിഡന്റും ചെയർമാനുമായ റീത്ത ജോ ലൂയിസുമാണ് ഒപ്പുവെച്ചത്.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 4.2 ശതകോടി ഡോളറായി ഉയർന്നിട്ടുണ്ട്. വയർലെസ് ആശയവിനിമയ ഉപകരണങ്ങൾ ഉൾപ്പെടെ, 5ജി നെറ്റ്വർക്ക്, ബയോടെക്നോളജി, പുനരുപയോഗ ഊർജം, കൃഷി, ജലം, മലിനജല സംസ്കരണം, ഖനനം തുടങ്ങി വ്യവസായിക മേഖലയിൽ പദ്ധതികൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികസൗകര്യങ്ങൾ ഒരുക്കാനും കരാർ വഴിവെക്കും.
യുനൈറ്റഡ് സ്റ്റേറ്റ്സ്-ഒമാൻ ഫ്രീ ട്രേഡ് എഗ്രിമെന്റിന്റെ (എഫ്.ടി.എ) നേട്ടങ്ങൾ പരമാവധിയാക്കുന്നതിനുള്ള പ്രവർത്തനസംവിധാനം സജീവമാക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും പങ്കാളികൾ ചർച്ചചെയ്തു.
ഖനനം, ലോജിസ്റ്റിക്സ്, ഊർജം, മത്സ്യബന്ധനം, അഗ്രിബിസിനസ്, ടെലികമ്യൂണിക്കേഷൻ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലെ സഹകരണത്തിനുള്ള സാധ്യതകൾ ആരായുക തുടങ്ങിയവയും വിശകലനം ചെയ്തു. വിദ്യാഭ്യാസം, സംസ്കാരം, ശാസ്ത്രം എന്നീ മേഖലകളിലെ സഹകരണത്തെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.