മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ യു.എ.ഇ സന്ദർശനത്തിന് പിന്നാലെ ഒമാൻ പൗരന്മാർക്ക് യു.എ.ഇയിൽ നിന്ന് സന്തോഷവാർത്ത. യു.എ.ഇയിൽ രേഖപ്പെടുത്തിയ ഒമാനി പൗരന്മാരുടെ 2018 മുതൽ 2023 വരെയുള്ള അഞ്ചുവർഷത്തെ പിഴകൾ റദ്ദാക്കാനാണ് തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിന് യു.എ.ഇലെത്തിയ ഒമാൻ സുൽത്താന് ഊഷ്മള സ്വീകരണമാണ് ലഭിച്ചിരുന്നത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയ രാഷ്ട്ര നേതാക്കൾ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം ശക്തമാക്കാനും സഹകരണം വിപുലമാക്കാനും തീരുമാനിച്ചിരുന്നു. 129ശതകോടി ദിർഹമിന്റെ നിക്ഷേപ പങ്കാളിത്തത്തിന് കരാറിലെത്തുകയും ചെയ്തിരുന്നു.
ബിസിനസ് ആവശ്യത്തിനും വിനോദസഞ്ചാരത്തിനും മറ്റു കാര്യങ്ങൾക്കുമെല്ലാം ആയിരക്കണക്കിന് ഒമാൻ രജിസ്ട്രേഷൻ വാഹനങ്ങൾ ഓരോ വർഷവും യു.എ.ഇയിൽ വന്നുപോകുന്നുണ്ട്. പലർക്കും ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ലഭിക്കാറുമുണ്ട്. ഇത്തരക്കാർക്ക് വലിയ ആശ്വാസമാണ് പ്രഖ്യാപനം.
അതേസമയം, ജി.സി.സി രാജ്യങ്ങളിൽ ട്രാഫിക് പിഴകൾക്ക് ഏകീകൃത രൂപമാണെന്നും പിഴകളിൽ പരാതിയുള്ളവർക്ക് റോയൽ ഒമാൻ പൊലീസ് വഴി നൽകാമെന്നും അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാഫിക് പിഴ ശരി അല്ലെന്നോ അല്ലെങ്കിൽ ഗതാഗത കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലെന്നോ തോന്നുകയാണെങ്കിൽ ഇത്തരക്കാർക്ക് റോയൽ ഒമാൻ പൊലീസിന്റെ ട്രാഫിക് വിഭാഗം വഴി പരാതി നൽകാവുന്നതാണ്. എന്നാൽ ഇതിന് പരിഹാരം ലഭിക്കാൻ കാലതാമസം പിടിക്കും. ഇത്തരക്കാർക്ക് പിഴ ലഭിച്ച ജി.സി.സി രാജ്യങ്ങളിൽ നേരിട്ട് പോയി പരാതിയും നൽകാവുന്നതാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ഇത്തരം ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കാൻ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അവിടുത്തെ നിയമങ്ങൾ മനസ്സിലാക്കിയിരിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. പിഴകൾ ആർ.ഒ.പി വെബ് സൈറ്റ് വഴിയും അടക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.