മസ്കത്ത്: ഒമാനിലെ ആദ്യ ഐ.ജി ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലഫ്റ്റനന്റ് ജനറൽ സഈദ് ബിൻ റാഷിദ് അൽ കൽബാനി നിര്യാതനായി. മികച്ച നേതൃപാടവത്തോടെയും സമർപ്പണത്തേടെയും ജീവിതകാലം മുഴുവൻ തന്റെ രാജ്യത്തെ സേവിച്ച വ്യക്തിയായിരുന്നു അദ്ദേഹം.
ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ മസ്കാനിലാണ് ജനനം. 1960കളിൽ ഒമാനി സൈന്യത്തിൽ ചേരുകയും ദോഫാർ യുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തതോടെയാണ് കരിയർ ആരംഭിക്കുന്നത്. തുടർന്ന്, അദ്ദേഹം പുതുതായി രൂപവത്കരിച്ച പൊലീസ് സേനയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ, പൊലീസും കസ്റ്റംസ് സേനയും കൂടുതൽ ശക്തവും നവീകരിച്ച് ഒമാന്റെ സുരക്ഷക്കും വികസനത്തിനും സംഭാവന നൽകി. ഇൻസ്പെക്ടർ ജനറൽ എന്ന നിലയിലുള്ള തന്റെ ചുമതലക്ക് പുറമേ, അൽ കൽബാനി പിന്നീട് ഉപദേശകനായും സേവനമനുഷ്ഠിച്ചു.
നാല് പതിറ്റാണ്ടിലേറെയായി പൊതുസേവനത്തിനായി നീക്കിവെച്ച അദ്ദേഹം 2008 ലാണ് വിരമിച്ചത്. 2015ൽ ആത്മകഥയായ ‘എ സോൾജിയർ ഫ്രം മസ്കാൻ, മെമ്മറിസ് നെക്റ്റാർ’ പ്രസിദ്ധീകരിച്ചു. കുട്ടിക്കാലം മുതലുള്ള മസ്കാൻ ഗ്രാമത്തിന്റെ ഒർമകളും ഒമാനി സൈന്യത്തിലും പൊലീസ് സേനയിലും തന്റെ സുപ്രധാന പങ്കിലേക്കുള്ള യാത്രയെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്.
ആധുനിക ഒമാൻ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനവും പങ്കാളിത്തവും രേഖപ്പെടുത്തുന്ന ഈ പുസ്തകം പൊതുജനങ്ങളിൽനിന്ന് മികച്ച സ്വീകാര്യത നേടി. ഇത് ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പതിപ്പ് 2022ൽ പുറത്തിറങ്ങി. സുൽത്താൻ ഖാബൂസ് മെഡൽ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഫ്റ്റനന്റ് ജനറൽ അൽ കൽബാനിയെ തേടിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.