മസ്കത്ത്: ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) പ്രവർത്തനങ്ങളെ പിന്തുണച്ച് ഒമാൻ 30 ലക്ഷം യു.എസ് ഡോളർ സംഭാവന നൽകി. നിലവിൽ ഗസ്സയിലെ സാധാരണ ജനങ്ങൾക്ക് മാനുഷിക സഹായങ്ങൾ നൽകുന്നത് യു.എൻ.ആർ.ഡബ്ല്യു.എയുടെ നേതൃത്വത്തിലാണ്. ഗസ്സ മുനമ്പിലെ ഫലസ്തീൻ സമൂഹങ്ങൾക്കുള്ള ഈ സമയോചിതമായ പിന്തുണക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയാണെന്ന് ദുരിതാശ്വാസ ഏജൻസിയുടെ കമീഷണർ ജനറൽ ഫിലിപ് ലസാരിനി പറഞ്ഞു.
ഫലസ്തീൻകാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച പാരമ്പര്യമാണ് ഒമാനുള്ളത്. യു.എൻ.ആർ.ഡബ്ല്യു.എ മുഖേന ഗസ്സയിലെ സാധാരണക്കാരെ സഹായിക്കുന്നതിന് നൽകിയ സംഭാവന ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. ഒമാനിൽ നിന്നുള്ള ഈ സംഭാവന അഭയാർഥികൾക്ക് നിർണായക പിന്തുണ നൽകാനും മാനുഷിക ആവശ്യങ്ങൾ പരിഹരിക്കാനും ലക്ഷ്യമായിട്ടുള്ളതാണ്. ഒക്ടോബർ 10ന് ആരംഭിച്ച സഹായ അഭ്യർഥനയെ തുടർന്ന് യു.എൻ.ആർ.ഡബ്ല്യു.എക്ക് ഇതുവരെയായി 481 ദശലക്ഷം ഡോളർ കിട്ടിയിട്ടുണ്ട്.
ഏകദേശം 7,48,000 ആളുകൾ 150ലധികം യു.എൻ.ആർ.ഡബ്ല്യു.എയുടെ സ്കൂളുകളിലും മറ്റു സൗകര്യങ്ങളിലും അഭയം പ്രാപിച്ചിട്ടുണ്ട്. ഭക്ഷണം, വെള്ളം, മരുന്നുകൾ, ഷെൽട്ടറുകളിൽ ആവശ്യമായ മെത്തകൾ എന്നിവയുൾപ്പെടെ അടിസ്ഥാന സാമഗ്രികൾ ഈ സ്ഥലങ്ങളിൽ ആവശ്യമാണ്. പലപ്പോഴും ഇത് എത്തിക്കുന്നതിൽ സംഘടന വളരെയധികം സാമ്പത്തിക പ്രയാസം നേരിടുന്നുണ്ട്. ഞങ്ങളുടെ സഹായ അഭ്യർഥനയോട് പെട്ടെന്ന് പ്രതികരിച്ച ഒമാന്റെ നടപടി പ്രശംസനീയമാണ്. ഈ അസാധാരണവും അഭൂതപൂർവവുമായ മാനുഷിക പ്രതിസന്ധിയിൽ പങ്കുചേരാനും പിന്തുണ നൽകാനും മറ്റ് അറബ് രാജ്യങ്ങളോടും ഞങ്ങൾ ആവശ്യപ്പെടുകയാണെന്ന് ലസാരിനി പറഞ്ഞു.
അതേസമയം, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് യു.എസ് പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചിരുന്നു. ഫലസ്തീനിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിലാണ് സുൽത്താൻ ഇക്കാര്യം പറഞ്ഞത്. സിവിലിയന്മാരെ സംരക്ഷിക്കുക, മാനുഷിക പരിഗണനക്ക് ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് ഊന്നിപ്പറഞ്ഞ സുൽത്താൻ 1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ കുറിച്ചും ചൂണ്ടിക്കാട്ടുകയുണ്ടായി.
ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ ലോകം ഒന്നിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയും ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച റിയാദിൽ നടന്ന അസാധാരണ അറബ്-ഇസ്ലാമിക് ഉച്ചകോടിയെ അഭിസംബോധന ചെയ്യവെയാണ് ബദർ ഇക്കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.