മസ്കത്ത്: സുൽത്താനേറ്റിന്റെ ആകാശം അതിമനോഹരമായ പെഴ്സീഡ് ഉൽക്കാവർഷത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റി. ഇത് ആഗസ്റ്റ് 24 വരെ തുടരുമെന്നും ഒ.ഐ.എസ് അറിയിച്ചു. പെഴ്സീഡ് ഉൽക്കാവർഷം ഏറ്റവും അറിയപ്പെടുന്ന വേനൽക്കാല ഉൽക്കാവർഷങ്ങളിലൊന്നാണ്.
നഗ്ന നേത്രങ്ങൾക്കൊണ്ട് കാണാൻ കഴിയുന്ന ഇവ ഇന്ന് വൈകീട്ട് മുതൽ നാളെ (ചൊവ്വാഴ്ച) പുലർച്ച വരെയും നീണ്ടുനിൽക്കും. മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കകൾ കാണാൻ കഴിയും.
പെഴ്സീഡ് ഉൽക്കാവർഷം സാധാരണയായി മണിക്കൂറുകളോളമോ, ദിവസങ്ങളോളമോ നീണ്ടുനിൽക്കുന്നവയാണ്. വെളിച്ചമെത്താത്തതും മരങ്ങൾ ഉൾെപ്പടെയുള്ള തടസ്സങ്ങൾ ഇല്ലാത്തതുമായ പ്രദേശത്തുനിന്നും ഇത് നിരീക്ഷിക്കാവുന്നതാണ്. ഭൂമിയിലേക്കുവരുന്ന ഉൽക്കകൾ അന്തരീക്ഷവുമായി ഘർഷണത്തിലെത്തുമ്പോഴാണ് കത്തുന്നത്. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് അഗ്നിരേഖ സൃഷ്ടിക്കും.
ദൂരദർശിനി പോലുള്ള ഉപകരണങ്ങളുടെ സഹായമില്ലാതെ കാണാൻ കഴിയുന്ന നിരവധി ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണ് പെഴ്സീഡ് ഉൽക്കാവർഷം. അതിശയകരമായ ചിത്രങ്ങൾ പകർത്താൻ ജ്യോതിശാസ്ത്ര പ്രേമികൾക്ക് ഇതൊരു മികച്ച അവസരമാണെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അഷ്വാഖ് ബിൻത് നാസർ അൽ സിയാബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.