മസ്കത്ത്: പ്രതികൂല കാലാവസ്ഥയിലും മറ്റും സുൽത്താനേറ്റിലെ കുട്ടികളുടെ മുങ്ങിമരണം തടയാൻ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി. സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധാനം ചെയ്യുന്ന മസ്കത്തിലെ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കമ്മിറ്റിയുടെ ചുമതലയുള്ള മന്ത്രാലയത്തിലെ ഫാമിലി ഡെവലപ്മെന്റ് ഡയറക്ടർ ജനറൽ സയ്യിദ മഅനി അബ്ദുല്ല അൽ ബുസൈദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പ്രതികൂല കാലാവസ്ഥയിൽ കുട്ടികളിലെ മുങ്ങിമരണം വർധിച്ചിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, റോയൽ ഒമാൻ പൊലീസ്, പബ്ലിക് പ്രോസിക്യൂഷൻ ഡിപ്പാർട്മെന്റ്, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സ്വകാര്യ-സിവിൽ സൊസൈറ്റി സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് രാജ്യത്തെ ഗവർണറേറ്റുകളിൽ സബ് കമ്മിറ്റികൾക്ക് രൂപം നൽകിയത്.
കനത്ത മഴയിൽ കഴിഞ്ഞ ആഴ്ച രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കുട്ടികൾ മുങ്ങിമരിച്ചിരുന്നു. സലാലയിലെ മുഗ്സൈൽ ബീച്ചിൽ ഇന്ത്യക്കാരായ രണ്ടു കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം റോയൽ ഒമാൻ പൊലീസാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ബലിപെരുന്നാൾ അവധി ആഘോഷിക്കാൻ ദുബൈയിൽനിന്ന് എത്തിയതായിരുന്നു ഇവർ. മസ്കത്ത് ഗവർണറേറ്റിലെ അൽ-അത്തൈബ ബീച്ചിൽ അകപ്പെട്ട നാല് കുട്ടികളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) ടീമുകൾ രക്ഷപ്പെടുത്തി. കുട്ടികളെ നിരീക്ഷിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽ നീന്താൻ അനുവദിക്കരുതെന്നും സി.ഡി.എ.എ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുമായി ബീച്ചുകളില്‍ എത്തുന്നവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം. കുട്ടികള്‍ തിരമാലകളില്‍ കളിക്കുമ്പോള്‍ നിരീക്ഷിക്കുന്നതിലെ വീഴ്ചയാണ് വലിയ അപകടത്തിലേക്ക് നയിക്കുന്നത്. ഉയര്‍ന്ന തിരമാലകളുള്ള സമയങ്ങളില്‍ കുട്ടികളെ കടലില്‍ ഇറങ്ങാന്‍ അനുവദിക്കരുതെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.