മസ്കത്ത്: രാജ്യത്ത് വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചിക്ക് ഏർപ്പെടുത്തിയ നിരോധനം ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. രാജ്യത്ത് 2027ഓടെ പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കമായിരിക്കുന്നത്. തുണിത്തരങ്ങൾ, ടെക്സ്റ്റൈൽസ് വസ്ത്രങ്ങൾ, ഇവയുടെ മറ്റ് സ്റ്റോറുകൾ, തയ്യൽ കടകൾ, കണ്ണട കടകൾ, മൊബൈൽ ഫോൺ വിൽപന, ഇവയുടെ അറ്റകുറ്റപ്പണിക്കുള്ള സ്റ്റോറുകൾ, വാച്ചുകൾ വിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കടകൾ, ഫർണിച്ചറുകൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന സ്റ്റോറുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വന്നിട്ടുള്ളത്.
ജനുവരി ഒന്നുമുതൽ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് സഞ്ചി നിരോധിക്കാനിരിക്കെ ബോധവത്കരണ കാമ്പയിൻ പരിസ്ഥിതി അതോറിറ്റി അധികൃതർ നടത്തിയിരുന്നു. പൊതുജനങ്ങളെ ബോധവത്കരിക്കാനും പുനരുപയോഗിക്കാവുന്ന ബാഗുകൾ ഉൾപ്പെടെയുള്ള പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിനിലൂടെ ഉദ്ദേശിച്ചിരുന്നത്. ഉപഭോക്താക്കളെ പുതിയ മാറ്റത്തിലേക്ക് സഹായിക്കുന്നതിനായി വിവിധ കടകളിൽ പരിസ്ഥിതി സൗഹൃദ ബാഗുകൾ വിതരണം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം കുറക്കുകയും പരിസ്ഥിതി സംരക്ഷണവുമാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ മാറ്റത്തെ പിന്തുണക്കാൻ പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമുള്ളവ ഉപയോഗിച്ച് തുടങ്ങാൻ താമസക്കാരോടും ബിസിനസ് ഉടമകളോടും പരിസ്ഥിതി അതോറിറ്റി ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് സഞ്ചികളുടെ ആദ്യഘട്ട നിരോധനം ആരോഗ്യ സ്ഥാപനങ്ങളിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിലാണ് പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുള്ളത്. നിയമം ലംഘിച്ചാൽ 50 മുതൽ 1000 റിയാൽ വരെ പിഴ ഈടാക്കും. ആവർത്തിച്ചാൽ ഇരട്ടിയായി ചുമത്തും. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളും നിരോധിക്കാനാണ് ലക്ഷ്യമിടുന്നത്.
114/2001, 106/2020 എന്നീ രാജകീയ ഉത്തരവുകൾ പ്രകാരം പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ നിയമത്തിന്റെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട 2020/23 മന്ത്രിതല തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം ഘട്ടം ഘട്ടമായി ഇല്ലാതാക്കാൻ പരിസ്ഥിതി അതോറിറ്റി തീരുമാനം പുറപ്പെടുവിച്ചിട്ടുള്ളത്. 50 മൈക്രോമീറ്ററിൽ താഴെ ഭാരമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കമ്പനികൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഓരോ വിഭാഗത്തിലും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം വിവിധ ഘട്ടങ്ങളിലൂടെയാണ് നിരോധിക്കുക. ഇതിനുശേഷം ഇവ ഉപയോഗിക്കുകയാണെങ്കിൽ പിഴ ചുമത്തും. തീരുമാനം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനായി വരും ദിവസങ്ങളിൽ അധികൃതർ പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.