മസ്കത്ത്: കരിയർ തെരഞ്ഞെടുപ്പുകളെ കുറിച്ച് അവബോധമുണ്ടാക്കാനായി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ സൈക്കോമെട്രിക് മൂല്യനിർണയം ഒരുക്കുന്നു. ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ആരംഭിച്ച ഈ സംരംഭം ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്ക് സൗജന്യമായാണ് നൽകുന്നത്. കരിയർ തിരഞ്ഞെടുക്കാനായി ഒരുങ്ങിനിൽക്കുന്ന മറ്റ് ക്ലാസുകളിലേക്കും പദ്ധതി ഉടൻ ആരംഭിക്കും. തൊഴിൽ ഓപ്ഷനുകൾ, വ്യക്തിത്വം, കഴിവുകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന തരത്തിൽ സൈക്കോളജിസ്റ്റുകൾ രൂപകൽപന ചെയ്തതാണ് സൈക്കോമെട്രിക് മൂല്യനിർണയം.
ബോർഡിന്റെ സമൃദ്ധി സെന്റർ ഫോർ എക്സലൻസ് ഇൻ ലേണിങ് ആൻഡ് ടീച്ചിങ് നടത്തുന്ന വിലയിരുത്തലിലൂടെ വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധ ആവശ്യമുള്ള മേഖലകൾ തിരിച്ചറിയുന്നതിനും സംരംഭം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങളുടെ കഴിവുകളും അഭിരുചികളും അതോടൊപ്പം തിരഞ്ഞെടുക്കാവുന്ന തൊഴിൽ മേഖലകളെ കുറിച്ചുമുള്ള സഗഗ്രമായ റിപ്പോർട്ടും മൂല്യനിർണയത്തിന് ശേഷം വിദ്യാർഥിക്ക് ലഭിക്കും. ഒമ്പത്, പത്ത് ക്ലാസുകളിലെ മൂല്യനിർണയം കഴിഞ്ഞദിവസം നടന്നു.
പുതിയ സംരംഭം വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾ മനസ്സിലാക്കാനും അതോടൊപ്പം ഹയർ സെക്കൻഡറി തലത്തിൽ ശരിയായ സ്ട്രീം തിരഞ്ഞെടുക്കാനും സഹായിക്കുമെന്ന് ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കൻ പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഇത്തരത്തിൽ ഒരു കേന്ദ്രീകൃത മൂല്യനിർണയം സൗജന്യമായി നടത്തുന്നത് ഇതാദ്യമാണ്.
ഒമാനിലെ 21 ഇന്ത്യൻ സ്കൂളുകളിലായി ഏകദേശം 39,000 വിദ്യാർഥികളുണ്ട്. ഇവരിൽ അയ്യായിരത്തോളം പേർ ഒമ്പത്, പത്ത് ക്ലാസുകളിലുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.