മസ്കത്ത്: ഖത്തറിലെ ലോകകപ്പ് ഫുട്ബാൾ നഗരിയിൽ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ പ്രചരിപ്പിച്ച് ഒമാനി സ്വദേശികൾ. ദോഹയിലെ സാംസ്കാരിക ഗ്രാമമായ കത്താറയിൽ സ്ഥാപിച്ച സ്റ്റാളിൽ മസ്കത്തിൽനിന്നുള്ള നാസർ സഈദ് അമുർ അൽ ബത്രാനി, ഡോ. ഹംദി ഹിലാൽ മുഹമ്മദ് അൽ ബർവാനി, അബ്ദുൽ വഹാബ് സുലൈമാൻ മുഹമ്മദ് അൽ ബുസൈദി എന്നിവരാണ് ഫുട്ബാൾ പ്രേമികൾക്കും വിനോദസഞ്ചാരികൾക്കും ഒമാനെയും അറബ് ലോകത്തെക്കുറിച്ചും വിശദീകരിക്കുന്നത്.
ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള നൂറുകണക്കിന് സന്ദർശകരാണ് ദിനേനെ ഇവരുടെ സ്റ്റാളുകളിൽ സന്ദർശകരായെത്തിയത്. ഒമാനി ഹൽവയും കഹ്വയും നൽകിയാണ് ഇവർ ആരാധക കൂട്ടങ്ങൾക്ക് സ്വാഗതമോതുന്നത്. ലോകകപ്പിന്റെ ആരംഭത്തിൽ തുടങ്ങിയ പരിപാടി അവാസന വിസിൽ മുഴങ്ങുന്നതുവരെ തുടരും.
കുറച്ച് ദിവസങ്ങളിൽ ഞങ്ങൾ ബ്രസീൽ, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള ആരാധകരുമായി സംവദിച്ചു. ആളുകൾ ഒമാനെക്കുറിച്ച് വളരെ ജിജ്ഞാസയുള്ളവരാണ്, അവരുടെ പ്രതികരണം വളരെ പോസിറ്റിവാണെന്നും ജ്യോതിശാസ്ത്രജ്ഞനായ ബുസൈദി പറഞ്ഞു. മേഖലയെ കുറിച്ച് അവബോധം നൽകുന്നതിനുള്ള എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണ് തങ്ങളുടെ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിലെ സന്ദർശകരിൽ ഇസ്ലാമിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഇല്ലാതാക്കുകയാണ് ഈ സാംസ്കാരിക വിനിമയ പരിപാടി ലക്ഷ്യമിടുന്നത്. ഇസ്ലാം സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മതമാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വിശ്വാസവും സംസ്കാരവും പരിഗണിക്കാതെ ഞങ്ങൾ എല്ലാവരേയും ബഹുമാനിക്കുന്നുവെന്നുമാണ് പറയുന്നതെന്ന് ബുസൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.