മസ്കത്ത്: തേജ് ചുഴലിക്കാറ്റിന്റെ നേരിട്ടുള്ള ആഘാതം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ അവസാനിച്ചതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാർ ഗവർണറേറ്റിൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ തുടർന്നേക്കും. രണ്ട് ദിവസങ്ങളിലായി പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ പലതും ദോഫാറിൽ വെള്ളത്തിനടിയിലായിരുന്നു. എന്നാൽ, ബുധനാഴ്ചയോടെ ഇവ നീങ്ങി തുടങ്ങിയിട്ടുണ്ട്.
അടിസ്ഥാന സേവന-സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഊർജിത ശ്രമങ്ങളാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. റോഡുകളിലേക്ക് വീണ പാറക്കല്ലുകളും മറ്റും നീക്കി ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ അടിഞ്ഞ് കൂടിയ ചളിയും മറ്റും നീക്കിക്കൊണ്ടിരിക്കുകയാണ്. ചുഴലിക്കാറ്റിനെ തുടർന്ന് നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചതായി ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സിറ്റി ബസ് റൂട്ടുകൾ (സലാല), റൂട്ട് 100 (മസ്കത്ത് -ഹൈമ -സലാല), റൂട്ട് 102 (മസ്കത്ത്- മർമുൽ - സലാല) എന്നിവയും വിവിധ ഫെറി സർവിസുകളുമാണ് പുനഃസ്ഥാപിച്ചത്. ദോഫാറിലെ ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയതായി റിലീഫ് ആൻഡ് ഷെൽട്ടർ സെക്ടറിലെ സൂപ്പർവൈസർ അറിയിച്ചു. 15,000 ആളുകൾക്കായി 43 സ്കൂളുകളും 26 ഹോട്ടലുകളും മറ്റുമായിരുന്നു ഇവിടെ ഷെൽട്ടർ സെന്ററുകളായി ഒരുക്കിയിരുന്നത്. ആകെ 4,620 പേരാണ് അഭയകേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 911 ഒമാനികളും 3,709 വിദേശികളും ഉൾപ്പെടും.
കാലാവസ്ഥ വ്യതിയാനം മൂലം ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കും സൂപ്പർവൈസർ നന്ദി പറഞ്ഞു. ഇതര ആശുപത്രികളിൽ കഴിഞ്ഞിരുന്ന രോഗികളെ വീണ്ടും സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് എത്തിച്ചു. ദോഫാർ ഗവർണറേറ്റിലെ ഡിഫൻസ്, ആംബുലൻസ് അതോറിറ്റിയുടെ ടീമുകളാണ് രോഗികളെ ആശുപത്രയിലേക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകി.
ചുഴലിക്കാറ്റ് മുൻകരുതലിന്റെ ഭാഗമായി സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രി ഒഴിപ്പിച്ചിരുന്നു. ഗവർണറേറ്റിലെ വിലായത്തുകളിലെ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. മറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മേഖലയിലെ ഫീൽഡ് റെസ്പോൺസ് ടീമുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ബേസിക് സർവിസസ് സെക്ടർ കോഓഡിനേറ്റർ എൻജിനീയർ അബ്ദുല്ല ബിൻ മുബാറക് അൽ ഹാഷിമി പറഞ്ഞു.
ഗവർണറേറ്റിലെ ആശയവിനിമയ ശൃംഖലയും ഇന്ധന സ്റ്റേഷനുകളും ചൊവ്വാഴ്ച മുതൽക്കേ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങിയിരുന്നു. ഏറെ ഭീതി വിതച്ചെത്തിയ തേജ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളൊന്നും വിതക്കാതെ ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ദോഫാർ, അൽവുസ്ത ഗവർണറേറ്റിലെ ജനങ്ങൾ.
വിവിധ ഘട്ടങ്ങളിലൂടെ കാറ്റഗറി നാലിൽ എത്തിയ തേജ് ഒമാൻ തീരത്തേക്ക് എത്തിയപ്പോഴേക്കും ശക്തി ക്ഷയിച്ച് ഒന്നിലേക്ക് മാറിയിരുന്നു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയാണ് ദോഫാറിലെ വിവിധ വിലായത്തുകളിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ കിട്ടിയത് റഖ്യൂത്ത് വിലായത്തിലാണ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച രാവിലെവരെ 256 മി.മീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് കൃഷി ഫിഷറീസ് ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
അതേസമയം, യമനിൽ കരതൊട്ട തേജ് കനത്ത നാശനഷ്ടങ്ങളാണ് വരുത്തിയതെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. രണ്ടുപേർ മരിക്കുകയും 150ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 10,000ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി പ്രാരംഭ റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.