മസ്കത്ത്: വിശുദ്ധ റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ ഒമാനിലെ മസ്ജിദുകളിൽ തിരക്കേറി. അവസാന പത്തിലെ ഒറ്റ രാവുകൾ ഏറെ പ്രാധാന്യമുള്ളതായാണ് വിശ്വാസികൾ കരുതുന്നത്. മാലാഖമാർ വിണ്ണിൽനിന്ന് മണ്ണിലിറങ്ങുന്ന ലൈലത്തുൽ ഖദ്ർ എന്ന പ്രത്യേക രാത്രി അവസാനത്തെ പത്തിലെ ഒറ്റപ്പെട്ട രാവിലാണെന്നാണ് പ്രവാചകൻ അരുൾ ചെയ്തത്. ഇതനുസരിച്ച് ഈ രാവിലെ പുണ്യം നേടാനാണ് വിശ്വാസികൾ മസ്ജിദുകളിൽ കൂടുതൽ സമയം ചെലവിടുന്നത്. വിശ്വാസികൾ കൂടുതൽ സമയം നമസ്കാരത്തിലും പ്രാർഥനയിലും ഖുർആൻ പാരായണത്തിലുമൊക്കെ മുഴുകുന്നതിനാൽ മസ്ജിദുകൾ ഭക്തി നിർഭരമാണ്. റമദാൻ 27ാം രാവിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ മസ്ജിദുകളിൽ എത്തുന്നത്. ഇൗ ദിവസം രാത്രി മുഴുവൻ മസ്ജിദുകളിൽ ചെലവിടുന്നവരും നിരവധിയാണ്.
ചില മസ്ജിദുകളിൽ റമദാൻ അവസാനത്തെ പത്തിൽ ഇഅ്തികാഫും (ഭജനമിരിക്കൽ) നടക്കുന്നുണ്ട്. ഭജനമിരിക്കുന്നവർ റമദാൻ 20നാണ് മസ്ജിദിനുള്ളിൽ പ്രവേശിക്കുക. പെരുന്നാൾ മാസപ്പിറ കാണുന്നതോടെയാണ് ഇവർ മസ്ജിദിൽനിന്ന് പുറത്തുവരുന്നത്. ഈ പത്ത് ദിവസങ്ങളിൽ ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കും ഇവർ പുറത്തുപോകില്ല. ഇഫ്താറും അത്താഴവും ഉറക്കവുമെല്ലാം മസ്ജിദിൽ തന്നെയായിരിക്കും. പ്രാർഥനയിലും ദൈവാരാധനയിലും ഖുർആൻ പാരായണത്തിലും നമസ്കാരത്തിലും മുഴുകി ഇവർ പള്ളിയിൽതന്നെ കഴിയും. റമദാൻ അവസാന പത്തിൽ എത്തിയതോടെ ഇഫ്താറുകളും വർധിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്നു വർഷമായി കാര്യമായ ഇഫ്താറുകൾ നടന്നിരുന്നില്ല. ഈ വർഷം കോവിഡ് ഭീഷണി നീങ്ങിയതിനാൽ വ്യക്തികളും സ്ഥാപനങ്ങളും കൂട്ടായ്മകളും സംഘടനകളുമെല്ലാം ഇഫ്താറുകൾ നടത്തുന്നുണ്ട്. ഒമാനിലെ ഏതാണ്ടെല്ലാ സംഘടനകളും ഇഫ്താറുകൾ സംഘടിപ്പിക്കുന്നുണ്ട്. വാരാന്ത്യ അവധി ദിവസങ്ങളായ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഏറ്റവും കൂടുതൽ ഇഫ്താറുകൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.