മസ്കത്ത്: സ്വകാര്യ മാർബിൾ ഫാക്ടറിയുടെ ക്വാറിയിൽ പാറ ഇടിഞ്ഞ് വീണ് വൻ അപകടം. ആറുപേർ മരിച്ചതായാണ് പ്രാഥമിക വിവരം. മരിച്ചവരിൽ മൂന്ന് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ-ആർദ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ഇടിഞ്ഞുവീണ പാറയുടെ അവശിഷ്ടങ്ങളിൽനിന്ന് നാലുപേരെ രക്ഷപ്പെടുത്തിയെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
മൂന്ന് മീറ്റർ ഘനവും 200 മീറ്റർ ഉയരവുമുള്ള മാർബിൾ പാളിയാണ് ആദ്യം ഇടിഞ്ഞുവീണത്. അപകടസമയത്ത് ഇന്ത്യക്കാരും പാകിസ്താനികളുമായ തൊഴിലാളികളായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഞായറാഴ്ചയും മണ്ണിടിച്ചിൽ തുടർന്നതിനാൽ രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിട്ടു.
നിരവധിപേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇവർക്കായി ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുകയാണ്. 17ഓളം തൊഴിലാളികൾ പ്രദേശത്ത് ജോലി ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇബ്രി ടൗണിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടം നടന്ന ക്വാറിയുള്ളത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്സ് (ജി.എഫ്.ഒ.ഡബ്ല്യൂ) തൊഴിൽമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തൊഴിൽസുരക്ഷയും മറ്റു നടപടിക്രമങ്ങളും കമ്പനി പാലിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.