മസ്കത്ത്: വരുന്ന ഖരീഫ് സീസണിൽ ദോഫാറിൽ ആഘോഷം കൂടുതൽ കളറാകും. എല്ലാവർഷവും നടത്താറുള്ള സലാല ടൂറിസം ഫെസ്റ്റിവൽ ഈ വർഷം 90 ദിവസങ്ങളിലായാണ് നടക്കുക. കഴിഞ്ഞ വർഷങ്ങളിൽ ഇത് 45 ദിവസങ്ങളിലായായിരുന്നു നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യം കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാകുമെന്നാണ് സംഘാടകർ കണക്കുകൂട്ടുന്നത്.
കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുളള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ അധികൃതർ നടത്തും. നിലവിലുള്ളതിനോടൊപ്പം പുതിയ സ്ഥലങ്ങളിലേക്കും ടൂറിസം ഫെസ്റ്റിവൽ പരിപാടികൾ വ്യാപിപ്പിക്കും.
അൽ മുറൂജ് തിയറ്ററിലും മറ്റും നടക്കുന്ന ഒമാനി, അറബ് കലാകച്ചേരികൾക്കൊപ്പം അന്താരാഷ്ട്ര പരിപാടികൾ ഇത്തീൻ സ്ക്വയറിൽ നടക്കുമെന്ന് ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മൊഹ്സെൻ അൽ ഗസ്സാനി പറഞ്ഞു. കഴിഞ്ഞ ദിവസം ദുബൈയിലെ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സ്സാനി ഇക്കാര്യം അറിയിച്ചത്.
ഇത്തീൻ സ്ക്വയറിൽ സ്പോർട്സ് ചലഞ്ച് ഫീൽഡ്, ലൈറ്റ് ആൻഡ് ലേസർ ഷോകൾ, സന്ദർശക സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുതിയതും ആകർഷകവുമായ കാര്യങ്ങളായിരിക്കും ഒരുക്കുക.
ഈ സീസണിൽ ഉപഭോക്തൃ പ്രദർശനം സംഘടിപ്പിക്കുന്നതിന് വ്യത്യസ്തമായ സമീപനവും ഉണ്ടാകും. സദ ഏരിയയിൽ ആദ്യമായി ‘റിട്ടേൺ ടു പാസ്റ്റ്’ എന്നപേരിലും പ്രവർത്തനങ്ങൾ നടത്തുമെന്ന് ഡോ. അൽ ഗസ്സാനി അറിയിച്ചു. പരമ്പരാഗത കലകൾ, പൈതൃക വിപണികൾ, വൈവിധ്യമാർന്ന കരകൗശല ഉൽപന്നങ്ങൾ, ഒമാനി സംസ്കാരം ഉൾക്കൊള്ളുന്ന തത്സമയ കലകളും പ്രകടനങ്ങളുമായിരിക്കും ഇവിടെ അവതരിപ്പിക്കുക. അന്താരാഷ്ട്ര ഗ്രാമങ്ങൾ, അമ്യൂസ്മെന്റ് ഏരിയകൾ, വിനോദ പ്രവർത്തനങ്ങൾ, ലൈറ്റ് മോഡലുകൾ, വിവിധ റസ്റ്റാറൻറുകൾ, കഫേകൾ എന്നിവയുള്ള ഔക്കാദ് പാർക്ക് കുട്ടികൾക്കായി പ്രത്യേകം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്പോർട്സിനെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനുള്ള അവബോധം വളർത്തുന്നതിനുമായി വിവിധ പ്രായക്കാരെ ലക്ഷ്യമിട്ടുള്ള കായിക പ്രവർത്തനങ്ങൾ സലാല പബ്ലിക് പാർക്കിലും നടക്കും.
ബന്ധപ്പെട്ട ഒമാനി അധികൃതരുമായി സഹകരിച്ച് സാംസ്കാരിക-സാഹിത്യ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആദ്യമായി ദോഫാർ ഇൻറർനാഷനൽ തിയറ്റർ ഫെസ്റ്റിവൽ സംഘടിപ്പിക്കും. അന്താരാഷ്ട്ര സംഘങ്ങൾ നാടക അവതരിപ്പിക്കും. ഈ സീസണിൽ ഒമാനിലെയും അറബ് കലാകാരന്മാരുടെയും കലാകച്ചേരികളും ഉണ്ടാകും.
ഫെസ്റ്റിവലിന്റെ മുൻ പതിപ്പുകളെപോലെ ഈ വർഷവും റെക്കോഡ് സന്ദർശകരെയും വിനോദസഞ്ചാരികളെയും ആണ് പൈതൃക-ടൂറിസം മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞവർഷം ഏകദേശം 9,62,000 ആളുകളാണ് ദോഫാറിന്റെ പച്ചപ്പും തണുത്ത കാലാവസ്ഥയും ആസ്വദിക്കാനായെത്തിയത്.
മുൻവർഷത്തെ അപേക്ഷിച്ച് 18.4 ശതമാനം വർധനയാണുണ്ടായിരിക്കുന്നത്. 2022ൽ 8,13,000 സന്ദർശകരായിരുന്നു എത്തിയിരുന്നത്. ടൂറിസ്റ്റുകളുടെ ചെലവഴിക്കുന്നതിലും ഉയർച്ചയാണുണ്ടായിട്ടുള്ളത്. 2022 സീസണിൽ 86 ദശലക്ഷം റിയാൽ ആയിരുന്നെങ്കിൽ കഴിഞ്ഞ വർഷമിത് 103 ദശലക്ഷം റിയാലിലാണ് എത്തിയിരിക്കുന്നത്. സലാല ടൂറിസം ഫെസ്റ്റിവലിന്റെ ആഘോഷ പരിപാടികൾ കഴിഞ്ഞ വർഷം വിവിധ ഇടങ്ങളിലാണ് നടന്നിരുന്നത്. ഈ വർഷത്തെ ഖരീഫ് സീസണെ വരവേൽക്കുന്നതിന്റെ ഭാഗമായി ദോഫാറിൽ മുന്നൊരുക്കങ്ങൾക്ക് അധികൃതർ തുടക്കമിട്ടിട്ടുണ്ട്.
ഖരീഫ് സീസണിൽ ലക്ഷക്കണക്കിന് ആളുകളാണ് എത്താറുള്ളത്. ദോഫാർ ഗവർണറേറ്റിന്റെ അനുകൂല കാലാവസ്ഥയും പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങളും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്.വർഷം മുഴുവൻ ദോഫാറിനെ ടൂറിസം സീസണാക്കി പരിവർത്തിപ്പിക്കുന്നതിനുള്ള നടപടികളാണ് അധികൃതർ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.