മസ്കത്ത്: ഇന്ത്യൻ സെക്ടറിലേക്ക് പുതിയ രണ്ട് സർവിസുകളുമായി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. മസകത്തിൽനിന്ന് ബംഗളൂരു, മുംബൈ സർവിസുകളാണ് പ്രഖ്യാപിച്ചത്. മുംബൈയിലേക്ക് സെപ്റ്റംബര്‍ രണ്ട് മുതലും ബംഗളൂരുവിലേക്ക് ആറിനുമാണ് സർവിസുകൾ ആരംഭിക്കുക. മുംബൈയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസുകളും ബംഗളൂരിവിലേക്ക് രണ്ട് സർവിസുകളുമാണ് ഉണ്ടാകുക.
ഇന്ത്യന്‍ സെക്ടറുകളിലെ തന്നെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കാണ് ഇവിടേക്ക് സലാം എയർ ലഭ്യമാക്കിയിരിക്കുന്നത്. ലൈറ്റ് ഫെയര്‍ വിഭാഗത്തില്‍ മുംബൈ സെക്ടറില്‍ 19 റിയാലും ബെംഗളൂരു സെക്ടറില്‍ 33 റിയാലുമാണ് ടിക്കറ്റ് നിരക്ക്. അതേസമയം, ഓഫര്‍ നിരക്കില്‍ ഏഴ് കിലോ ഹാന്‍ഡ് ലഗേജ് മാത്രമാകും കൊണ്ടുപോകാൻസാധിക്കുക. കൂടുതൽ ബാഗേജിന് അധികം തുക നല്‍കേണ്ടിവരും.
ഇന്ത്യന്‍ സെക്ടറുകളിലേക്ക് സർവിസസുകള് വ്യാപിപ്പിക്കുകയാണ് സലാം എയര്‍. കഴിഞ്ഞ ആഴ്ചകളിൽ ആരംഭിച്ച ഡല്‍ഹി, ചെന്നൈ സർവിസുകള്‍ക്കൊപ്പം കേരളത്തിലെ കോഴിക്കോട് സെക്ടറിലും ഇന്ത്യയിലെ മറ്റു നഗരങ്ങളായ ഹൈദരാബാദ്, ജെയ്പൂര്‍, ലെക്നോ എന്നിവിടങ്ങളിലേക്കും മസ്കത്തില്‍നിന്നും സലാം എയര്‍ സര്‍വിസുകളുണ്ടാകും.
മേഖലയിലെയും അന്താരാഷ്ട്ര സെക്ടറുകളിലേയും സര്‍വിസുകള്‍ ഉയര്‍ത്തുമെന്ന് സലാം എയര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ പറഞ്ഞു. ഖരീഫ് കാലത്തോടനുബന്ധിച്ച് സുഹാര്‍, ഫുജൈറ, ബഗ്ദാദ്, ബഹ്റൈന്‍ സെക്ടറുകളില്‍നിന്ന് സലാലയിലേക്ക് സീസണ് സര്‍വിസും ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.