മസ്കത്ത്: മസ്കത്തിൽനിന്ന് കുറഞ്ഞനിരക്കിൽ സലാലയിലേക്ക് പറക്കാൻ സൗകര്യമൊരുക്കി ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ. വൺവേക്ക് 9.99 റിയാലാണ് ടിക്കറ്റ് നിരക്ക്. ഡിസംബർ ഒന്ന് മുതലാണ് ഇത് നിലവിൽ വരുകയെന്ന് സലാം എയർ അധികൃതർ അറിയിച്ചു.
സലാം എയറിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്, ട്രാവൽ ഏജൻസികൾ എന്നിവർ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഹാൻഡ് ലഗേജ് മാത്രമാണ് ഈ നിരക്കിൽ കൊണ്ടുപോകാനാവുക.
കുറഞ്ഞ കാലത്തേക്കുള്ള പ്രമോഷന്റെ ഭാഗമായല്ല ഇതെന്നും എല്ലാവർക്കും കുറഞ്ഞ നിരക്കിൽ യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സലാം എയറിന്റെ് നിരന്തരമായ പ്രതിബദ്ധതയുടെ ചുവടുവെപ്പാണിതെന്നും അധികൃതർ അറിയിച്ചു. വളരെ കുറഞ്ഞ നിരക്കിലൂടെ, എല്ലാവർക്കും താങ്ങാനാവുന്ന തരത്തിൽ വിമാനങ്ങൾ നൽകി മസ്കത്തിനും സലാലക്കുമിടയിൽ കൂടുതൽ യാത്രകൾ പ്രോത്സാഹിപ്പിക്കാനാണ് സലാം എയർ ലക്ഷ്യമിടുന്നത്.
ചെലവ് കുറഞ്ഞ ബിസിനസ് പുനഃസ്ഥാപിക്കുന്നതിന് സ്വീകരിക്കുന്ന നിരവധി നടപടികളിലൊന്ന് മാത്രമാണ് സലാലയിലേക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ഒരുക്കിയിട്ടുള്ളതെന്ന് സലാം എയറിന്റെ സി.ഇ.ഒ അഡ്രിയാൻ ഹാമിൽട്ടൺ മാൻസ് പറഞ്ഞു.
യാത്രക്കാർക്ക് കൂടുതൽ താങ്ങാനാവുന്ന യാത്രാ ഓപ്ഷനുകൾ നൽകുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾക്ക് അവരുടെ യാത്രകൾ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കാൻ അനുവദിക്കുന്ന കുറഞ്ഞ ചെലവ് മോഡൽ വികസിപ്പിക്കുന്നതിനുള്ള സലാം എയറിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ പുതിയ നിരക്ക്. യാത്ര കൂടുതൽ താങ്ങാനാവുന്ന നിരക്കിൽ നൽകാൻ സലാം എയർ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.