മസ്കത്ത്: ഒ.ഐ.സി.സിയിലെ ഇരു വിഭാഗങ്ങളെയും തിരുത്താനൊരുങ്ങി 'സേവ് ഒ.ഐ.സി.സി' ഫോറം രൂപവത്കരിച്ച് ഒരു വിഭാഗം പ്രവർത്തകർ. ഔദ്യോഗികമായി ഇവർ രംഗത്തു വന്നിട്ടില്ലെങ്കിലും ഫോറത്തിെൻറ പ്രാഥമിക യോഗം കഴിഞ്ഞ ദിവസം നടന്നു. തൽക്കാലം വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രാഥമിക പ്രവർത്തനങ്ങൾ തുടരാനാണ് തീരുമാനം. ശങ്കരപ്പിള്ള കുമ്പളത്തു, സജി ഔസേപ്പ്, സിദ്ദിക്ക് ഹസ്സൻ, എൻ.ഒ. ഉമ്മൻ, ഉമ്മർ എരമംഗലം തുടങ്ങിയവരെ കണ്ടു സംസാരിക്കാനും ഇവർക്ക് പരിപാടിയുണ്ട്. ഇതിനു ശേഷവും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ തയാറില്ലെങ്കിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കാര്യങ്ങൾ വിശദീകരിച്ചശേഷം കെ.പി.സി.സി നേതൃത്വത്തെ ഇവർ സമീപിക്കും. കോൺഗ്രസ് അനുഭാവികളും പല കാരണങ്ങളാൽ ഒ.ഐ.സി.സിയിൽനിന്ന് അകന്നു കഴിയുന്ന ആളുകളാണ് സേവ് ഒ.ഐ.സി.സി ഗ്രൂപ്പിന് പിന്നിലുള്ളത്.
ഒ.ഐ.സി.സിയിലെ പ്രശ്നങ്ങൾ വഷളാക്കിയതിനു പിന്നിൽ എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ടെന്നാണ് 'സേവ് ഒ.ഐ.സി.സിയിലുള്ളവർ പറയുന്നത്. കഴിഞ്ഞ 11 വർഷമായി സിദ്ദിക്ക് ഹസ്സൻ-ഉമ്മൻ വിഭാഗങ്ങൾ നടത്തിയ ഗ്രൂപ് വഴക്കും ചളിവാരി എറിയലും ഒത്തുതീർപ്പിലൂടെ പരിഹരിക്കുകയും വീണ്ടും കൂടുതൽ ശക്തിയോടെ വീതംവെക്കലും ഗ്രൂപ് വഴക്കും സജീവമാക്കുകയും ചെയ്തു.
അന്നൊക്കെ സാധാരണ കോൺഗ്രസ് പ്രവർത്തകരുടെ വികാരങ്ങൾക്ക് ഒരു വിലയും ഇവർ കല്പിച്ചില്ലെന്നും കഴിഞ്ഞ ദിവസം യോഗം ചേന്നവർ ആരോപിച്ചു. ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്തു എന്നത് വിസ്മരിക്കുന്നില്ല. കോൺഗ്രസിനോട് അനുഭാവമുള്ള ഒട്ടേറെ സാധാരണ പ്രവാസികൾ ഇവിടെയുണ്ട്. അവരെയൊക്കെ കണ്ടെത്തി പേരുകൾ വോട്ടേഴ്സ് ലിസ്റ്റിൽ ചേർക്കാനോ, കോവിഡ് മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു നാട്ടിലേക്ക് തിരികെ പോയ പാവപ്പെട്ട കോൺഗ്രസ് അനുഭാവികളായ അംഗങ്ങൾക്ക് ഒന്നും തന്നെ ചെയ്യാൻ ഇവർക്ക് സാധിച്ചിട്ടില്ല. കോൺഗ്രസ് ഒറ്റകെട്ടായി മുന്നോട്ട് പോകേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്.
അതിനാൽ, എല്ലാവരും ഒന്നിച്ചു ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടു പോകാനാണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് ഇവർ വ്യക്തമാക്കുന്നു. എന്നാൽ, കർശനമായ അച്ചടക്ക നടപടികളുമായാണ് കെ.പി.സി.സി നേതൃത്വം മുന്നോട്ട് വന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ സേവ് ഒ.ഐ.സി.സി ഫോറത്തിനും എത്ര കണ്ട് മുന്നോട്ടു പോകുവാൻ സാധിക്കും എന്ന് കണ്ടറിയണം.
അതേസമയം അച്ചടക്ക നടപടിയോട് ഇതുവരെ പ്രതികരിക്കാൻ സിദ്ദിക്ക് ഹസ്സൻ തയാറായില്ല. സി.പി.എം അനുകൂല സാമൂഹിക സംഘടനയിലെ പലരും സിദ്ദിക്ക് ഹസ്സനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഭാവിയിൽ സി.പി.എമ്മിനോട് അനുഭാവമുള്ള സാമൂഹിക സംഘടനകളുമായി സഹകരിക്കണം എന്നും ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ, എല്ലാ പാർട്ടിയിലുംപെട്ടവർ തനിക്കു സുഹൃത്തുക്കൾ ആയുണ്ടെന്നും അവരെല്ലാം സസ്പെൻഷൻ വാർത്ത പുറത്തുവന്നപ്പോൾ വിളിച്ചിരുന്നു എന്നു മാത്രമാണ് സിദ്ദിക്ക് ഹസ്സൻ പ്രതികരിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.