മസ്കത്ത്: കനത്ത മഴയെ തുടർന്ന് വാദിയിൽ അകപ്പെട്ട മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജഅലൻ ബാനി ബു അലി വിലായത്തിലെ ഒരു വാദിയിൽ ആയിരുന്നു ഇവർ കുടുങ്ങിയത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അതോറിറ്റിയുടെ റെസ്ക്യൂ ടീം മൂന്നുപേരെയും രക്ഷിച്ച് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുകയാണ്.
ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നുണ്ട്. കുത്തിയൊലിക്കുന്ന വാദികൾ വാഹനമുപയോഗിച്ചോ മറ്റോ മുറിച്ച് കടക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂനമർദത്തിന്റെ ഭാഗമായി അനുഭവപ്പെടുന്ന കാലാവസ്ഥ വ്യാഴാഴ്ചവരെ തുടരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുസന്ദം, ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റും മഴയുമാണ് പ്രതീക്ഷിക്കുന്നത്. ആലിപ്പഴവും വർഷിക്കും.
അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. വിവിധ ഇടങ്ങളിൽ 10 മുതൽ 50 മി.മീറ്റർവരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകുകയും ചെയ്യും. മണിക്കൂറിൽ 28മുതൽ 56 കി.മീറ്ററായിരിക്കും കാറ്റിന്റെ വേഗം. മുസന്ദം പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാല രണ്ടുമീറ്റർവരെ ഉയർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.