മസ്കത്ത്/മത്ര: അസ്ന ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ വിവിധ ഇടങ്ങളിൽ കടൽ പ്രക്ഷുബ്ധമായി. മത്ര കോര്‍ണീഷില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ കടല്‍ ഇളകി തിരമാലകള്‍ ആഞ്ഞടിച്ചു തുടങ്ങി. വെള്ളം കോര്‍ണീഷ് റോഡിലേക്കും, സൂഖിലേക്കും പരന്നൊഴുകുകയും ചെയ്തു. തിരമാലകളുടെ ശക്തിയില്‍ വെള്ളം പൊങ്ങിയത് കുറേ നേരത്തേക്ക് ഇത് വഴിയുള്ള വാഹനഗതാഗതത്തെയും ബാധിച്ചു.
ശക്തമായി തിരയടിച്ചതോടെ ചില ഭാഗങ്ങളില്‍ കടല്‍ ഭിത്തികള്‍ തകര്‍ന്ന് കടലില്‍ വീഴുകയും ചെയ്തു. തിരമാലകള്‍ മീറ്ററുകളോളം ഉയരത്തില്‍ ഉയര്‍ന്ന് പൊങ്ങിയത് ഒരേ സമയം ഭീതിയും കൗതുകവും ജനിപ്പിച്ചു.
ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിരവധിപേര്‍ എത്തിയെങ്കിലും അപകടം നിലനില്‍ക്കുന്നതിനാല്‍ പോലീസ് പിന്തിരിപ്പിക്കുകയും വാഹന ഗതാഗതം വഴി തിരിച്ചു വിടുകയും ചെയ്തു. ആളുകൾ എത്താനുള്ള സാഹചര്യം മുൻ നിർത്തി സ്ഥലത്ത് റോയൽ ഒമാൻ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഖുറിയാത്ത്, ജഅ്ലാൻ ബനീ ബുആലി എന്നിവിടങ്ങളിലും കാര്യമായ രീതിയിൽ കടൽക്ഷോഭമുണ്ടായി. കടൽ പ്രക്ഷുബ്ധമാകുമെന്ന് ഒമാൻ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മുതൽ അഞ്ച് മീറ്റർവരെ തിരമാലകൾ ഉയരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. അടുത്ത രണ്ട് ദിവസങ്ങളിൽ താഴ്ന്ന തീരപ്രദേശങ്ങളിലും മറ്റും കടൽ വെള്ളം കയറാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.